ജിസാൻ, അസീർ, അൽ ബാഹ, മക്ക മേഖലകളിൽ ഇടിമിന്നലോടുകൂടിയ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

ജിദ്ദ: ജിസാൻ, അസീർ, അൽ ബാഹ, മക്ക മേഖലകളിൽ അടുത്ത ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. സൗദി ന്യൂമറിക്കൽ മോഡലിന്റെയും മഴയുടെ വ്യാപനം വ്യക്തമാക്കുന്ന അനിമേറ്റഡ് മാപ്പിന്റെയും അടിസ്ഥാനത്തിലാണ് ഈ കാലാവസ്ഥാ പ്രവചനം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഞായറാഴ്ച രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ ലഭിച്ചതിന് പിന്നാലെ, തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ജിസാൻ–അസീർ അതിർത്തി പ്രദേശങ്ങളിൽ വീണ്ടും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
അസീറിന്റെ പടിഞ്ഞാറൻ ഭാഗങ്ങളിലാകെ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. അബ്ഹ നഗരപരിസരത്ത് മഴ കൂടുതൽ ശക്തമാകുകയും അതിന്റെ സ്വാധീനം അൽ ബാഹയിലേക്കും മക്കയുടെ തെക്കൻ ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്നും കേന്ദ്രം
വ്യക്തമാക്കി. വൈകുന്നേരത്തോടെ മഴയുടെ ശക്തി ക്രമേണ കുറഞ്ഞ് അവസാനിക്കും.
ചൊവ്വാഴ്ചയും സമാന സാഹചര്യം
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തിങ്കളാഴ്ചയെ പോലെ തന്നെ അതേ മേഖലകളിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ട്. മിക്ക പ്രദേശങ്ങളിലും ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, അബഹക്ക് ചുറ്റുമുള്ള മേഖലകളിൽ താരതമ്യേന നേരിയ മഴയാകും ലഭിക്കുക. വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറഞ്ഞ് രാത്രിയോടെ അവസാനിക്കും.
ബുധനാഴ്ച അസീറിൽ വീണ്ടും മഴ ശക്തമാകും
ബുധനാഴ്ച ഉച്ചയ്ക്ക് അബഹയിലും അസീറിന്റെ വടക്കുപടിഞ്ഞാറൻ മേഖലകളിലും നേരിയ മഴ ആരംഭിക്കും. തുടർന്ന് മഴ അസീറിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും വടക്കുപടിഞ്ഞാറൻ മേഖലയിൽ ശക്തമായ മഴ ലഭിക്കുകയും ചെയ്യും.
വൈകുന്നേരത്തോടെ അബഹയെയും അതിന്റെ തെക്കൻ പ്രദേശങ്ങളെയും കേന്ദ്രീകരിച്ച് മഴ കൂടുതൽ ശക്തമാകും. അൽ ബാഹയിലും മക്കയുടെ തെക്കൻ ഭാഗങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയോടെ എല്ലാ മേഖലകളിലും മഴയും ഇടിമിന്നലും അവസാനിക്കുമെന്നാണ് പ്രവചനം.
വ്യാഴം മുതൽ ശനി വരെ
വ്യാഴാഴ്ച വൈകുന്നേരത്തോടെ അസീറിന്റെ തെക്കൻ ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ജിസാൻ മുതൽ മക്ക വരെ തെക്കുപടിഞ്ഞാറൻ മേഖലകളിൽ വ്യാപകമായി നേരിയ മഴ ലഭിക്കുമെന്നാണ് NCM പ്രവചിക്കുന്നത്. വൈകുന്നേരത്തോടെ മഴ അവസാനിക്കും.
ശനിയാഴ്ച ഉച്ചയ്ക്ക് ഇതേ മേഖലകളിൽ വെള്ളിയാഴ്ചയേക്കാൾ അൽപം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. വൈകുന്നേരത്തോടെ മഴയുടെ ശക്തി കുറഞ്ഞ് പിന്നീട് പൂർണമായും അവസാനിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.






