ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം; കുവൈറ്റിലെ യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ തിരിച്ചടി

ഇറാനിലെ വിവിധ മേഖലകളിൽ അമേരിക്ക പുതിയ വ്യോമാക്രമണം നടത്തി. ഖെഷാം, സിരിക്, ജാസ്‌ക്, ബന്ദർ അബ്ബാസ്, ഖന്ദാബ് എന്നിവിടങ്ങളാണ് ആക്രമണത്തിന് വിധേയമായത്. ഹോർമുസ് കടലിടുക്കിലെ നിയന്ത്രണ തർക്കമാണ് നിലവിലെ സംഘർഷം രൂക്ഷമാകാൻ പ്രധാന കാരണം. കഴിഞ്ഞ ദിവസങ്ങളിൽ ഹോർമുസിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നിരുന്നു. തങ്ങളുടെ അനുമതിയില്ലാതെ കപ്പലുകൾക്ക് ഹോർമുസ് കടന്നുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇറാൻ.
ഹോർമുസ് കടലിടുക്കിൽ ഇറാന്റെ സ്വാധീനം കുറയ്ക്കുക എന്നതാണ് ലക്ഷ്യമെന്ന് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണം നടന്നത്. തുടർച്ചയായ ആക്രമണങ്ങളിൽ ഇറാനിലെ വൈദ്യുതി വിതരണ സംവിധാനത്തിന് വ്യാപക നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ.
അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ഇറാൻ കുവൈറ്റിലുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രം, എണ്ണ പര്യവേക്ഷണ കേന്ദ്രം എന്നിവ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
ഇറാൻ–അമേരിക്ക സംഘർഷത്തിന്റെ പ്രതിഫലനം അന്താരാഷ്ട്ര എണ്ണവിപണിയിലും പ്രകടമായി. ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 78 ഡോളർ കടന്നതോടെ ഒറ്റരാത്രികൊണ്ട് മൂന്ന് ശതമാനത്തിലധികം വിലവർധന രേഖപ്പെടുത്തി.






