നിയമലംഘനം; 5 റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്ക് വിലക്ക്, 7 ഓഫീസുകളുടെ ലൈസൻസ് റദ്ദാക്കി

റിയാദ്: നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് റിക്രൂട്ട്‌മെന്റ് ഓഫീസുകളുടെ പ്രവർത്തനം സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയം (HRSD) താൽക്കാലികമായി നിർത്തിവെച്ചു. കൂടാതെ ഏഴ് ഓഫീസുകളുടെ ലൈസൻസും റദ്ദാക്കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
2026-ലെ രണ്ടാം പാദത്തിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലും കമ്പനികളിലും നടത്തിയ പരിശോധനകളിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കണ്ടെത്തിയ വീഴ്ചകൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കാത്തതിനാലാണ് നടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
റിക്രൂട്ട്‌മെന്റ് നിയമങ്ങൾ ലംഘിച്ചത്, ഉപഭോക്താക്കൾക്ക് പണം മടക്കി നൽകുന്നതിൽ കാലതാമസം വരുത്തിയത്, ലഭിച്ച പരാതികൾക്ക് പരിഹാരം കാണാതിരുന്നത് എന്നിവയാണ് പ്രധാന നിയമലംഘനങ്ങൾ.
റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളുടെ പ്രവർത്തനം തുടർന്നും കർശനമായി നിരീക്ഷിക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
റിക്രൂട്ട്‌മെന്റ് സേവനങ്ങൾക്കായി മുസാനെദ് (Musaned) പ്ലാറ്റ്ഫോം ഉപയോഗിക്കാൻ ഉപഭോക്താക്കളോട് മന്ത്രാലയം അഭ്യർഥിച്ചു. ലൈസൻസുള്ള സ്ഥാപനങ്ങളുമായി കരാർ ചെയ്യാനും പരാതികൾ നൽകാനും അവയുടെ പുരോഗതി അറിയാനും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാം.
നിയമലംഘനങ്ങൾ 920002866 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ മുസാനെദ് മൊബൈൽ ആപ്പിലൂടെയോ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.
തൊഴിൽ മേഖലയിൽ നിയമപാലനം ഉറപ്പാക്കാനും സേവനങ്ങളുടെ നിലവാരം ഉയർത്താനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ പരിശോധനകൾ നടത്തുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.






