സൗദിയിൽ പൊടിക്കാറ്റ് 99% കുറഞ്ഞു; 25 വർഷത്തിനിടയിലെ റെക്കോർഡ്

റിയാദ്: 25 വർഷത്തിലേറെക്കാലത്തിനിടെ ഏറ്റവും കുറഞ്ഞ തോതിലാണ് 2026 ജൂൺ മാസത്തിൽ സൗദി അറേബ്യയിൽ പൊടിക്കാറ്റും മണൽക്കാറ്റും ഉണ്ടായതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. മുൻവർഷങ്ങളിലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ പൊടിക്കാറ്റുകളുടെ തോത് 99 ശതമാനം കുറഞ്ഞതായാണ് റിപ്പോർട്ട്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ജൂൺ മാസത്തിൽ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊടിക്കാറ്റ് വളരെ അപൂർവമായിരുന്നുവെന്ന് മണൽ-പൊടിക്കാറ്റുകൾക്കായുള്ള പ്രാദേശിക കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രണ്ട് പതിറ്റാണ്ടിലേറെക്കാലമായി നിരീക്ഷണം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നും അധികൃതർ വ്യക്തമാക്കി.

വടക്കൻ അതിർത്തി മേഖലയിലാണ് ഏറ്റവും വലിയ മാറ്റം. ഇവിടെ പൊടിക്കാറ്റ് 100 ശതമാനം കുറഞ്ഞു. റിയാദ്, ഖസീം, അൽ ഖർജ് ഉൾപ്പെടുന്ന മധ്യ സൗദിയിലും അൽ അഹ്സ, ദമ്മാം, ദഹ്റാൻ ഉൾപ്പെടുന്ന കിഴക്കൻ പ്രവിശ്യയിലും 99 ശതമാനം വീതം കുറവാണ് രേഖപ്പെടുത്തിയത്.

സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്, ക്ലൗഡ് സീഡിംഗ് പദ്ധതി, രാജ്യത്ത് സസ്യാവരണം വർധിച്ചത്, മേച്ചിൽ നിയന്ത്രണം മെച്ചപ്പെട്ടത്, പൊടിക്കാറ്റിന് കാരണമാകുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ ദുർബലമായത് എന്നിവയാണ് ഈ വലിയ കുറവിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ഉപഗ്രഹങ്ങൾ, AERONET എയറോസോൾ നിരീക്ഷണ സംവിധാനം, LiDAR സാങ്കേതികവിദ്യ, ആധുനിക കാലാവസ്ഥാ പ്രവചന മാതൃകകൾ എന്നിവ ഉപയോഗിച്ചാണ് പൊടിക്കാറ്റുകളുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഇതിലൂടെ കൂടുതൽ കൃത്യമായ മുന്നറിയിപ്പുകൾ നൽകാനും പൊതുജനാരോഗ്യം, പരിസ്ഥിതി, സാമ്പത്തിക മേഖലകൾ എന്നിവയിൽ പൊടിക്കാറ്റ് സൃഷ്ടിക്കുന്ന ആഘാതം കുറയ്ക്കാനും കഴിയുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.