സൗദി കേരള ഫർമസിസ്റ്റ് ഫോറം സംഗമം നിലമ്പൂരിൽ നടന്നു 

നിലമ്പുർ : സൗദി അറേബ്യയിലെ മലയാളി ഫാർമസി പ്രൊഫഷണലുകളുടെ പ്രമുഖ കൂട്ടായ്മയായ സൗദി കേരള ഫർമസിസ്റ്റ് ഫോറത്തിന്റെ (SKPF) പ്രത്യേക സംഗമം നിലമ്പൂരിൽ വെച്ച് നടന്നു. 1999-ൽ സംഘടനയ്ക്ക് തറക്കല്ലിട്ട സ്ഥാപക നേതാക്കളും നിലവിലെ ഭാരവാഹികളും ഒത്തുചേർന്ന സംഗമം പ്രവാസലോകത്തെ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതുന്നതായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അവധിക്ക് നാട്ടിലെത്തിയവരും പ്രവാസം അവസാനിപ്പിച്ചു മടങ്ങിയവരുമായ മുൻകാല നേതാക്കളും നിലവിലെ ഭാരവാഹികളും തമ്മിലുള്ള ഊഷ്മളമായ ഒരു പുനസ്സമാഗമം കൂടിയായി ഈ ഒത്തുചേരൽ മാറി. കഴിഞ്ഞ കാൽനൂറ്റാണ്ടിലേറെയായി സൗദിയിലെ മലയാളി ഫാർമസിസ്റ്റുകൾക്ക് തണലായി നിൽക്കുന്ന സംഘടനയുടെ വളർച്ചയും ഭാവി പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു.

പ്രവാസലോകത്ത് ജോലി നഷ്ടപ്പെടുന്ന ഫാർമസിസ്റ്റുകൾക്ക് നിയമസഹായവും പുതിയ തൊഴിലവസരങ്ങളും നൽകുന്ന ‘ജോബ് സെൽ’ കൂടുതൽ ശക്തമാക്കും.

കാരുണ്യ-പ്രൊഫഷണൽ മേഖലകളിൽ സജീവം സൗദി ഹെൽത്ത് സ്പെഷ്യാലിറ്റി കമ്മീഷന്റെ (SCFHS) പുതിയ നിബന്ധനകൾ മലയാളി ഫാർമസിസ്റ്റുകൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു

മലബാർ മേഖലയിൽ നിന്നുള്ള മുൻകാല-നിലവിലെ ഫാർമസി പ്രൊഫഷണലുകളായ ജാബിർ,മുസ്തഫ, സലാം അരീക്കോട്, അബ്ദുൽ സലാം അരീക്കോട്, അയൂബ്ഖാൻ,, ബക്കർ, അബ്ദുൽ റഹ്മാൻ, സൈദലവി, ജവ ഹർ പുളിക്കൽ, അസീസ് കൊണ്ടോട്ടി, റഷീദ് കൊണ്ടോട്ടി, സി. കെ. മുഹമ്മദ്‌, മൊയ്‌ദു ടി. കെ, ഹു മയൂൺ കബീർ, അബ്ദുൽ ലത്തീഫ് മലയിൽ, നാസർ പെരുമ്പിലാവ്, ഉനൈസ് വി. പി, മുഹമ്മദ്‌ മണ്ണിൽ എന്നിവർ പങ്കെടുത്തു. സക്കീർ തയ്യിൽ അദ്ധ്യക്ഷത വഹിച്ച യോഗം പ്രസിഡന്റ്‌ ഡോ. സുഹാജ്‌ ഉത്ഘാടനവും,മൊയ്‌ദീൻകുട്ടി സ്വാഗതവും സൈഫുദീൻ വാഴയിൽ നന്ദിയും പറഞ്ഞു.സ്നേഹവിരുന്നോടെയാണ് സംഗമം സമാപിച്ചത്.