മഞ്ചേരിയെ ആധുനിക നഗരമാക്കും; ഐ.ടി ഹബ്ബും ഹാപ്പിനസ് സെന്ററും ലക്ഷ്യം: എം. റഹ്മത്തുല്ല എം.എൽ.എ

ജിദ്ദ: മഞ്ചേരിയെ കാലാനുസൃത വികസനങ്ങളിലൂടെ ആധുനിക നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എ പറഞ്ഞു. ജിദ്ദ മഞ്ചേരി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ നന്ദിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

വിദ്യാഭ്യാസ മേഖലയിലും മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനത്തിലും നഗര ഗതാഗത-ടൗൺ മാനേജ്മെന്റിലും പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് എം.എൽ.എ വ്യക്തമാക്കി. അതോടൊപ്പം മഞ്ചേരിയിൽ ഒരു ഐ.ടി ഹബ് യാഥാർഥ്യമാക്കുക, മണ്ഡലത്തിനായി പ്രത്യേക വിനോദസഞ്ചാര കേന്ദ്രം ഒരുക്കുക, കുടുംബങ്ങൾക്കും കുട്ടികൾക്കും ഒരുമിച്ച് സമയം ചെലവഴിക്കാനാവുന്ന ഹാപ്പിനസ് സെന്റർ സ്ഥാപിക്കുക തുടങ്ങിയ പ്രവാസികൾ മുന്നോട്ടുവെച്ച നിർദേശങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

“സാധാരണക്കാരന്റെ വിയർപ്പിന്റെ വില മനസ്സിലാക്കി, പ്രവാസികളുടെ പൂർണ പിന്തുണയോടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സാധ്യമായ എല്ലാ വികസന പദ്ധതികളും യാഥാർഥ്യമാക്കാൻ ആത്മാർത്ഥമായി പ്രവർത്തിക്കും. മഞ്ചേരിയെ കൂടുതൽ സുന്ദരവും ആധുനികവുമായ നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.

മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സുലൈമാൻ കൊടവണ്ടി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, സൗദി കെ.എം.സി.സി ദേശീയ ഉന്നതാധികാരി സമിതി അംഗം നസീർ വാവ കുഞ്ഞ്, ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഭാരവാഹി അബൂട്ടി നിലമ്പൂർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മഞ്ചേരി മണ്ഡലം കമ്മിറ്റി, മഞ്ചേരി മുനിസിപ്പൽ കമ്മിറ്റി, പാണ്ടിക്കാട്, തൃക്കലങ്ങോട്, കീഴാറ്റൂർ, എടപ്പറ്റ പഞ്ചായത്ത് കമ്മിറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ അഡ്വ. എം. റഹ്മത്തുല്ല എം.എൽ.എയ്ക്ക് ഹാരസമർപ്പണം നടത്തി.
സുനീർ ബാബു പൊറ്റയിൽ വിശുദ്ധ വചന പാരായണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി മൂസ പട്ടത്ത് സ്വാഗതവും ട്രഷറർ കുഞ്ഞി മുഹമ്മദ് കൊമ്പൻ നന്ദിയും രേഖപ്പെടുത്തി.






