പ്രവാസി പ്രശ്നങ്ങൾക്ക് മികച്ച പരിഗണന നൽകും: അഡ്വ. റഹ്മത്തുള്ള എം.എൽ.എ.

ജിദ്ദ: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് നിയമസഭയിൽ അവതരിപ്പിക്കുമെന്നും, അവയ്ക്ക് പരിഹാരങ്ങൾ കണ്ടെത്താൻ പരമാവധി ശ്രമിക്കുമെന്നും മഞ്ചേരി എം.എൽ.എ. അഡ്വ. റഹ്മത്തുള്ള
പറഞ്ഞു. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ഓഫീസിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“STU-വിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ അടിസ്ഥാനപരമായി ഞാൻ ഒരു തൊഴിലാളി നേതാവാണ്. എന്റെ പൊതുപ്രവർത്തനത്തിന്റെ ഫോക്കസ് എന്ന് പറയുന്നത് തൊഴിലാളികളുടെ പ്രശ്നങ്ങൾ കേന്ദ്രീകരിച്ചാണ്; അവരുടെ ക്ഷേമകാര്യങ്ങളും അവകാശ സംരക്ഷണവുമാണ്. നാട്ടിൽ പണിയെടുക്കുന്ന തൊഴിലാളികളെപ്പോലെ തന്നെയാണ് വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കാൻ വന്ന പ്രവാസികളും; അടിസ്ഥാനപരമായി അവരും തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ പ്രവാസി തൊഴിലാളികൾക്ക് നാട്ടിലെ സർക്കാരിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങൾ നേടിക്കൊടുക്കൽ എന്റെ കൂടി ഉത്തരവാദിത്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.എം.എൽ.എ.എന്ന നിലയിൽ ആ കാര്യത്തിൽ കടുത്ത ജാഗ്രത പുലർത്തും,” അദ്ദേഹം വ്യക്തമാക്കി.
മണ്ഡലത്തിലെ വികസന വിഷയത്തിൽ മഞ്ചേരി മെഡിക്കൽ കോളേജിന്റെ വികസനത്തിനാണ് മുന്തിയ പരിഗണന നൽകുകയെന്നും, കാരണം അത് ജില്ലയിലെ മൊത്തം ജനങ്ങൾക്കും അത്യാവശ്യമായ ആരോഗ്യപരമായ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വീകരണ യോഗം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട്, ഇ.പി. ഉബൈദുള്ള, നസീർ ബാവ കുഞ്ഞ് എന്നിവർ പ്രസംഗിച്ചു. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര, എം.എൽ.എ.യെ ഷാൾ അണിയിച്ചു. ജനറൽ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും, സെക്രട്ടറി നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളും ജില്ലാ-ഏരിയ ഭാരവാഹികളുമായ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.






