പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ; ഇറാനിൽ അമേരിക്കയുടെ വ്യാപക വ്യോമാക്രമണം

♠ ഹരിത ഉമാമഹേശ്വരൻ

ഇറാനിൽ വീണ്ടും വ്യാപക വ്യോമാക്രമണം നടത്തി അമേരിക്ക. ഹോർമുസ് കടലിടുക്കിനോട് ചേർന്നുള്ള ബുഷെഹർ, ചാബഹാർ, ബന്ദർ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

തെക്കുകിഴക്കൻ നഗരമായ കോണറാക്കിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻഷഹറിലെ വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ നിർണായക സ്ഥാനമുള്ള സിറിക് മേഖലയിലും അമേരിക്ക ആക്രമണം നടത്തിയെന്നാണ് വിവരം. പ്രധാന തുറമുഖ നഗരമായ ചാബഹാറിൽ തുറമുഖ സൗകര്യങ്ങൾ, സൈനിക കേന്ദ്രങ്ങൾ, ചില അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

ഇറാനിലെ പ്രധാന ആണവ നിലയങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്ന ബുഷെഹറിലും വ്യോമാക്രമണം നടന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ആണവ നിലയത്തിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്ന് പ്രാദേശിക ഭരണകൂടത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു.

അതേസമയം, ഗൊലെസ്താൻ പ്രവിശ്യയിലെ അഖ് ടെകെ ഖാൻ റെയിൽവേ പാലത്തിന് നേരെയും മിസൈൽ ആക്രമണം നടന്നതായി ഇറാന്റെ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു. പാലത്തിന് നേരെ ഏഴ് മിസൈലുകൾ പ്രയോഗിച്ചതായും അതിൽ രണ്ട് എണ്ണം റെയിൽപാളത്തിൽ പതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.