ആരോഗ്യരംഗത്തെ സ്വപ്നങ്ങൾക്ക് ദിശാബോധമായി ജിദ്ദയിൽ അബീർ ‘മെഡ്പാത്ത്’ കരിയർ ഗൈഡൻസ് പരിപാടി

ജിദ്ദ: ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഭാവി കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്ന ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പുതുതായി ആവിഷ്‌കരിച്ച ‘മെഡ്പാത്ത്’ എന്ന കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാമിന്റെ ആദ്യഘട്ടം ജിദ്ദയില്‍ ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവിന്റെ പങ്കാളിത്തത്തോടെ അരങ്ങേറി. ജി.ജി.ഐയുടെ ടാലന്റ് ലാബ് പ്രോഗ്രാമില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട, ജിദ്ദയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള 22 കുട്ടികളടങ്ങുന്ന സംഘം പ്രോഗ്രാമിന്റെ ഭാഗമായി ഷറഫിയയിലെ അബീര്‍ മെഡിക്കല്‍ സെന്റര്‍ സന്ദര്‍ശിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മെഡിക്കല്‍ രംഗത്തെ വെല്ലുവിളികളും നേട്ടങ്ങളും സുതാര്യമായി മനസ്സിലാക്കാനും, ഈ മേഖലയോടുള്ള അഭിനിവേശം കുട്ടികളില്‍ വളര്‍ത്താനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ മൂന്ന് മണിക്കൂര്‍ നീളുന്ന ക്ലിനിക്കല്‍ അനുഭവമാണ് എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയത്.

ഷറഫിയയിലെ അബീര്‍ മെഡിക്കല്‍ സെന്ററിലെത്തിയ വിദ്യാര്‍ത്ഥികളെ ഓപ്പറേഷന്‍സ് മാനേജര്‍ സുല്‍ത്താന്‍ മഹ്‌മൂദിന്റെ നേതൃത്വത്തില്‍ ഊഷ്മളമായി സ്വീകരിച്ചു. മെഡ്പാത്ത് ബാഡ്ജുകള്‍ ധരിച്ച് കോണ്‍ഫറന്‍സ് റൂമിലെത്തിയ കുട്ടികള്‍ക്കായി അബീര്‍ ഇ.ആര്‍. ഹെഡ് ഡോ. നിയാസ് സിറാജുദ്ദീന്‍ ഹെല്‍ത്ത് കെയര്‍ രംഗത്തെ അനന്തസാധ്യതകളെക്കുറിച്ച് വിശദമായ ക്ലാസ് എടുത്തു. തുടര്‍ന്ന് 11 കുട്ടികള്‍ വീതമുള്ള രണ്ട് ബാച്ചുകളായി തിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ പതോളജി, റേഡിയോളജി, ഡെന്റല്‍, ഇ.എന്‍.ടി ഒ.പി.ഡികള്‍, എമര്‍ജന്‍സി റൂം തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ അടുത്തറിഞ്ഞു.

ഡോ. നിയാസും ഓപറേഷന്‍സ് എക്‌സിക്യൂട്ടീവ് അബീറും ഇരുസംഘങ്ങളെയും നയിച്ചു. ഡോ. ജമാല്‍, നബീല മുസ്തഫ, അബ്ദുല്‍ ഖയ്യൂം, ഡോ. സബ്രിന്‍, ഡോ. ജയപ്രിയ എന്നിവര്‍ കുട്ടികള്‍ക്ക് അത്യാധുനിക മെഷീനുകളും രോഗനിര്‍ണ്ണയ രീതികളും പരിചയപ്പെടുത്തി. രണ്ട് മണിക്കൂറിലധികം നീണ്ട സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ കുട്ടികള്‍ക്ക് അബീര്‍ വൈസ് പ്രസിഡന്റ് ഡോ. ജംഷീത് അഹമ്മദിന്റെ പ്രചോദനാത്മകമായ പ്രഭാഷണം ഊര്‍ജം പകര്‍ന്നു. അബീര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. അഹമ്മദ് ആലുങ്ങല്‍, ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് പ്രസിഡന്റ് ഹസന്‍ ചെറൂപ്പ എന്നിവരും സംസാരിച്ചു. ചോദ്യോത്തര വേളക്ക് ശേഷം ഡോക്ടേഴ്‌സ് കോട്ടും സ്റ്റെതസ്‌കോപ്പുമണിഞ്ഞ്, കരിയറിനെക്കുറിച്ച് തെളിഞ്ഞ മനസ്സുമായി, തങ്ങളുടെ വലിയ സ്വപ്നങ്ങള്‍ ചിത്രങ്ങളില്‍ പകര്‍ത്തിയാണ് അവര്‍ മടങ്ങിയത്.

ഫെസിലിറ്റി ഡയറക്ടര്‍ ജലീല്‍ ആലുങ്ങല്‍, ബ്രാന്‍ഡിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ ജാവിദ് അഹമ്മദ്, എക്‌സിക്യൂട്ടീവ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് എ.എം. സജിത്ത്, ഇ.വി.പി എക്‌സിക്യൂട്ടീവ് സെക്രട്ടറി ജിഷാദ്, വി.പി സെക്രട്ടറി ഷഹാന, ഐ.പി.സി നഴ്‌സിംഗ് സ്റ്റാഫ് വിബിത എന്നിവരടങ്ങുന്ന ടീം ഏകോപനം നിര്‍വ്വഹിച്ച പരിപാടിയില്‍ പേഷ്യന്റ് എക്‌സ്പീരിയന്‍സ് മാനേജര്‍ ആസിഫ് ഇഖ്ബാല്‍ അവതാരകനായി. ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ജന. സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം, അക്കാദമിക് കമ്മിറ്റി അംഗങ്ങളായ ജെസ്സി ടീച്ചര്‍, ഫാത്തിമ തസ്‌നി ടീച്ചര്‍,നൗഷാദ് താഴത്തെവീട്ടില്‍ എന്നിവരും പരിപാടിയില്‍ പങ്കാളികളായി.