റിയാദ് മെട്രോ റെഡ് ലൈൻ വിപുലീകരണം; തുരങ്ക നിർമാണത്തിന് പ്രത്യേക യന്ത്രം ഉടൻ റിയാദിലെത്തും

റിയാദ്: റിയാദ് മെട്രോയുടെ റെഡ് ലൈൻ വിപുലീകരണ പദ്ധതിയുടെ ഭാഗമായി തുരങ്കം നിർമിക്കുന്നതിനുള്ള പ്രത്യേക ടണൽ ബോറിംഗ് മെഷീന്റെ (TBM) നിർമ്മാണവും പരിശോധനകളും പൂർത്തിയായി. യന്ത്രം ഉടൻ റിയാദിലെത്തുമെന്നും തുടർന്ന് കിംഗ് സൗദ് സർവകലാശാല (KSU) മുതൽ ദിരിയ ഗേറ്റ് വികസന പദ്ധതി വരെയുള്ള ഭൂഗർഭ തുരങ്കത്തിന്റെ നിർമാണം ആരംഭിക്കുമെന്നും റിയാദ് റോയൽ കമ്മീഷൻ (RCRC) അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
തലസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയും പ്രധാന കേന്ദ്രങ്ങൾ തമ്മിലുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
എർത്ത് പ്രഷർ ബാലൻസ് (EPB) സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ടണൽ ബോറിംഗ് മെഷീന് 11.16 മീറ്റർ വ്യാസമുള്ള കട്ടർഹെഡും 105 മീറ്റർ നീളവുമുണ്ട്. വിവിധതരം മണ്ണിലും പാറകളിലും സുരക്ഷിതമായും കൃത്യമായും തുരങ്കം നിർമിക്കാൻ ഈ യന്ത്രത്തിന് കഴിയും.
പദ്ധതി പൂർത്തിയാകുന്നതോടെ റിയാദ് മെട്രോ ശൃംഖലയിലേക്ക് 8.4 കിലോമീറ്റർ പുതിയ പാത കൂടി ചേർക്കും. ഇതിൽ 7.1 കിലോമീറ്റർ ഭൂഗർഭ തുരങ്കവും 1.3 കിലോമീറ്റർ ഉയർന്ന പാതയുമാണ് ഉൾപ്പെടുന്നത്.
വിപുലീകരണത്തിന്റെ ഭാഗമായി അഞ്ച് പുതിയ സ്റ്റേഷനുകൾ നിർമിക്കും. ഇതിൽ രണ്ടെണ്ണം കിംഗ് സൗദ് സർവകലാശാലയിലും മൂന്നെണ്ണം ദിരിയ മേഖലയിലുമാണ്. ദിരിയയിലെ ഒരു സ്റ്റേഷൻ ഭാവിയിൽ ലൈൻ 7-മായി ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷനായും വികസിപ്പിക്കും.






