ഹോർമുസ് കടലിടുക്കിലെ ടാങ്കർ ആക്രമണം; ഇറാനെതിരെ സൗദിയുടെയും ഖത്തറിന്റെയും കടുത്ത പ്രതിഷേധം

♠ അസ്മ ജംഷീദ്
റിയാദ്: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന സൗദി അറേബ്യയുടെ എണ്ണക്കപ്പൽ ‘വെദ്യാൻ’ ഉൾപ്പെടെ മൂന്ന് ടാങ്കറുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് മേഖലയിൽ വീണ്ടും സംഘർഷാന്തരീക്ഷം രൂപപ്പെട്ടു. സംഭവത്തിന് ഇറാനെയാണ് പൂർണമായി ഉത്തരവാദിയാക്കുന്നതെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ആക്രമണത്തിന്റെ എല്ലാ പ്രത്യാഘാതങ്ങൾക്കും ഇറാൻ തന്നെ ഉത്തരവാദിയാകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
സൗദി ടാങ്കർ വെദ്യാൻ, ഖത്തറിന്റെ ദ്രവീകൃത പ്രകൃതി വാതക ടാങ്കർ അൽ-റഖയ്യാത്ത്, മറ്റൊരു വ്യാപാരക്കപ്പൽ എന്നിവയാണ് ചൊവ്വാഴ്ച മണിക്കൂറുകൾക്കുള്ളിൽ ആക്രമിക്കപ്പെട്ടത്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലിന് ശേഷം ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം സാധാരണ നിലയിലാകുന്നതിനിടെയാണ് പുതിയ ആക്രമണം നടന്നത്. ഇതോടെ അന്താരാഷ്ട്ര കടൽഗതാഗത സുരക്ഷയെയും ആഗോള ഊർജവിതരണത്തെയും കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമായി.
ഇറാന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെയും കടൽഗതാഗത സ്വാതന്ത്ര്യത്തിന്റെയും ഗുരുതരമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷിതമായ കടൽപ്പാതകൾ ഉറപ്പാക്കുന്ന യു.എൻ. സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾക്കും ഈ ആക്രമണം വിരുദ്ധമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രദേശത്തിന്റെ സ്ഥിരതയും ആഗോള ഊർജവിതരണവും അപകടത്തിലാക്കുന്ന പ്രകോപനപരമായ നടപടികൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.
ഇതിനിടെ, ആക്രമണത്തിൽ പ്രതിഷേധിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം ഇറാന്റെ ഡെപ്യൂട്ടി അംബാസഡറെ വിളിച്ചുവരുത്തി ഔദ്യോഗിക പ്രതിഷേധക്കുറിപ്പ് കൈമാറി. സംഭവത്തിൽ വ്യക്തമായ വിശദീകരണം നൽകാനും മേഖലയിലെ സമാധാനത്തെയും കടൽഗതാഗത സുരക്ഷയെയും ബാധിക്കുന്ന നടപടികൾ ഉടൻ അവസാനിപ്പിക്കാനും ഖത്തർ ആവശ്യപ്പെട്ടു.
ഈ ആക്രമണം അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും ആഗോള ഊർജവിതരണത്തിനുമെതിരായ അസ്വീകാര്യമായ നീക്കമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ അൻസരി വ്യക്തമാക്കി.






