ആശങ്ക വർധിപ്പിച്ച് വയനാട്ടിൽ വീണ്ടും കനത്ത മഴ; മണ്ണിടിച്ചിൽ മേഖലയിൽ ഒഴിപ്പിക്കൽ, രക്ഷാപ്രവർത്തനം തുടരുന്നു

മേപ്പാടി: വയനാട്ടിലെ കള്ളാടി–മീനാക്ഷി പാലത്തിന് സമീപം തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിന് പിന്നാലെ പ്രദേശത്ത് വീണ്ടും കനത്ത മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ കൂടുതൽ ദുഷ്‌കരമാക്കി. മുൻകരുതൽ നടപടിയുടെ ഭാഗമായി അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
തുരങ്കപാത നിർമാണത്തിനായി മാറ്റിയ മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണിടിച്ചിലിൽ ഒരു വീടും സമീപത്തെ പള്ളിയും പൂർണമായും തകർന്നു. ബസ് സ്റ്റോപ്പും പാലത്തിന്റെ ഭാഗവും മണ്ണിനടിയിലായി.
സംഭവസമയത്ത് നിർമാണ സ്ഥലത്തെ ക്യാബിനിൽ ഏകദേശം 15 തൊഴിലാളികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സമീപത്ത് തട്ടുകട നടത്തിയിരുന്ന ഒരു കുടുംബവും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നു. തൊഴിലാളികളെ കൊണ്ടുവന്ന രണ്ട് ബസുകളും മണ്ണിനടിയിൽപ്പെട്ടതായി റിപ്പോർട്ടുണ്ട്.
രക്ഷപ്പെടുത്തിയ ആറ് അതിഥി തൊഴിലാളികളെ മേപ്പാടിയിലെ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ഒരാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ തിരച്ചിലും രക്ഷാപ്രവർത്തനവും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ നടത്തി. വയനാട്ടിലേക്ക് മന്ത്രിമാർ ഉടൻ എത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ സേനയും പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുവരികയാണ്. പ്രദേശത്ത് തുടരുന്ന ശക്തമായ മഴ രക്ഷാദൗത്യത്തിന് വലിയ വെല്ലുവിളിയായി തുടരുകയാണ്.






