‘അമ്മ’യിൽ വീണ്ടും ശ്വേതയുടെ തിരിച്ചുവരവ്; നിർണായക യോഗം ഇന്ന്, തിരഞ്ഞെടുപ്പിലേക്ക് നീക്കം

♠ആൻസി വിനീത 

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ഭരണപ്രതിസന്ധി പുതിയ വഴിത്തിരിവിലേക്ക്. കോടതി ഇടപെടലിനെ തുടർന്ന് രമേഷ് പിഷാരടി കൺവീനറായ അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ട സാഹചര്യത്തിൽ, ശ്വേത മേനോന്റെ നേതൃത്വത്തിലുള്ള മുൻ ഭരണസമിതി വീണ്ടും സജീവമാകുന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഇന്ന് (ചൊവ്വ) ചേരുന്ന ഭരണസമിതി യോഗത്തിൽ രേഖാമൂലം രാജിവെക്കാത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചാണ് തുടർനടപടികൾ തീരുമാനിക്കുക. അതിന് പിന്നാലെ ജനറൽ ബോഡി വിളിച്ചുചേർത്ത് സംഘടനയുടെ സാമ്പത്തിക കണക്കുകൾ അവതരിപ്പിക്കാനും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിക്കാനുമാണ് നീക്കം.

ജൂൺ 21-ന് ചേർന്ന ജനറൽ ബോഡിയിൽ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ശ്വേത മേനോനും ഭരണസമിതിയും രാജി പ്രഖ്യാപിച്ചിരുന്നെങ്കിലും, ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിരുന്നില്ല. ഈ സാഹചര്യമാണ് പിന്നീട് നിയമപോരാട്ടത്തിനും പുതിയ വിവാദങ്ങൾക്കും വഴിവെച്ചത്.

അഡ്‌ഹോക് കമ്മിറ്റി രൂപീകരണത്തിന്റെ നിയമസാധുത ചോദ്യം ചെയ്ത് ശ്വേത മേനോൻ കോടതിയെ സമീപിക്കുകയും, തന്റെ നിരപരാധിത്വം തെളിയിക്കാതെ സ്ഥാനമൊഴിയില്ലെന്ന നിലപാട് ആവർത്തിക്കുകയും ചെയ്തിരുന്നു.

അതേസമയം, ജനറൽ ബോഡിയിൽ ഉയർന്ന ഗുരുതര ആരോപണങ്ങളും ഭരണസമിതിക്കെതിരായ വിമർശനങ്ങളും തുടരുന്നതിനിടെ ശ്വേത മേനോൻ വീണ്ടും നേതൃത്വത്തിൽ തുടരുന്നത് സംഘടനയ്ക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കുമോയെന്ന ചോദ്യവും ഉയരുകയാണ്. ‘അമ്മ’യുടെ ഭാവി നിർണയിക്കുന്ന നിർണായക തീരുമാനങ്ങളിലേക്കാണ് ഇനി എല്ലാവരുടെയും ശ്രദ്ധ.