ഭക്ഷ്യവ്യവസായത്തിൽ തൊഴിൽ നേടാൻ സൗദി യുവാക്കൾക്ക് പാചകകല പരിശീലന പരിപാടി

♠ അസ്മ ജംഷീദ്
റിയാദ്: സൗദി അറേബ്യയിലെ അതിവേഗം വളരുന്ന സാംസ്കാരിക-സാമ്പത്തിക മേഖലയായ പാചകകല രംഗത്ത് പ്രാവീണ്യമുള്ള സ്വദേശികളെ വളർത്തിയെടുക്കുകയും തൊഴിൽ അവസരങ്ങൾ ഒരുക്കുകയും ചെയ്യുന്നതിനായി കുലിനറി ആർട്സ് അക്കാദമിക് പ്രോഗ്രാം ഈ മാസം വീണ്ടും ആരംഭിച്ചു.
“ബിരുദധാരികൾക്ക് ദീർഘകാല തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്ന വ്യക്തമായ തൊഴിൽപാതകൾ ഈ പരിപാടി ഒരുക്കുന്നു” വെന്ന് കുലിനറി ആർട്സ് കമ്മീഷൻ സിഇഒ മയാദ ബദർ പറഞ്ഞു.
പ്രിൻസ് മുക്രിൻ സർവകലാശാല, കിംഗ് ഖാലിദ് സർവകലാശാല, പ്രിൻസ് സത്താം ബിൻ അബ്ദുൽ അസീസ് സർവകലാശാല, ഉമ്മുൽ ഖുറാ സർവകലാശാല, ബത്തർജി മെഡിക്കൽ കോളേജ്, സൗദി കുലിനറി ആർട്സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കനുസരിച്ച് സൗദി യുവപ്രതിഭകളെ വളർത്തിയെടുക്കുകയും പാചകകലാ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
സൗദിയുടെ വൈവിധ്യമാർന്ന പാചക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട വിഭവങ്ങൾ ആധുനിക രീതിയിൽ അവതരിപ്പിക്കാനുള്ള പ്രായോഗിക അറിവും പ്രൊഫഷണൽ നൈപുണ്യങ്ങളും പരിശീലനത്തിലൂടെ പങ്കെടുക്കുന്നവർക്ക് ലഭിക്കുമെന്ന് മയാദ ബദർ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളുമായും അക്കാദമികളുമായും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഉയർന്നുവരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെ പാചകകലാ മേഖലയിലെ വളർച്ചയ്ക്ക് ആവശ്യമായ പ്രാദേശിക പ്രതിഭകളെ സജ്ജമാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
പ്രായോഗിക പരിശീലനത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന ഈ പദ്ധതിയിൽ ഓരോ സ്ഥാപനത്തിന്റെയും പഠനവിഭാഗങ്ങൾക്കും പരിശീലന ട്രാക്കുകൾക്കും അനുസരിച്ച് കോഴ്‌സുകളിൽ വ്യത്യാസമുണ്ടാകും. ബിരുദധാരികളുടെ തൊഴിൽ പുരോഗതിയും തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള പദ്ധതിയുടെ ശേഷിയുമാകും വിജയത്തിന്റെ പ്രധാന മാനദണ്ഡങ്ങൾ.
18 വയസോ അതിൽ കൂടുതലോ പ്രായമുള്ള, ഹൈസ്കൂൾ അല്ലെങ്കിൽ സർവകലാശാല ബിരുദ യോഗ്യതയുള്ള സൗദി പൗരന്മാർക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റുകൾ, പ്രായോഗിക പരിശീലനം, ദീർഘകാല തൊഴിൽ സാധ്യതകൾ എന്നിവ ലഭ്യമാക്കും.






