വടക്കൻ ജില്ലകളിൽ ചൊവ്വാഴ്ച മഴ ശക്തമാകും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

♠ ഹരിത ഉമാമഹേശ്വരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ചൊവ്വാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അതേസമയം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ചൊവ്വാഴ്ച നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനുമുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ബുധനാഴ്ചയും മഴ മുന്നറിയിപ്പ് തുടരും. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി നിലനിൽക്കുകയാണ്. കൂടാതെ, തെക്കൻ ജാർഖണ്ഡിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷയുടെ ഉൾപ്രദേശങ്ങൾക്കും മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഡ്, കിഴക്കൻ മധ്യപ്രദേശ് മേഖലകളിലൂടെ വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.






