പ്രിയദര്‍ശിനി പദ്ധതി തിരിച്ചടിയായി; കാസര്‍കോട്ട് തിങ്കളാഴ്ച സ്വകാര്യ ബസുകള്‍ പണിമുടക്കില്‍

♠ ഹരിത ഉമാമഹേശ്വരൻ

കാസര്‍കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ആരോപിച്ച് കാസര്‍കോട് ജില്ലയിലെ സ്വകാര്യ ബസുകള്‍ തിങ്കളാഴ്ച(ഇന്ന്) സര്‍വീസ് നിര്‍ത്തിവെക്കും. ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

കെഎസ്ആര്‍ടിസി ബസുകളില്‍ പദ്ധതി നടപ്പായതിന് ശേഷം അന്തര്‍സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ബസ് ഉടമകള്‍ പറയുന്നു. വരുമാന ഇടിവ് മൂലം ചില സ്വകാര്യ ബസുകള്‍ ഇതിനകം സര്‍വീസ് അവസാനിപ്പിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കാസര്‍കോട്-കര്‍ണാടക റൂട്ടുകളില്‍ ഇപ്പോള്‍ ഭൂരിഭാഗം യാത്രക്കാരും കെഎസ്ആര്‍ടിസി ബസുകളെയാണ് ആശ്രയിക്കുന്നത്. ജില്ലയിലെ കര്‍ണാടകയുമായി ബന്ധിപ്പിക്കുന്ന ഏഴ് പ്രധാന റൂട്ടുകളിലും സ്ത്രീ യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ബസ് ഉടമകള്‍ ആരോപിക്കുന്നു. സര്‍ക്കാരില്‍നിന്ന് പ്രതിദിനം ലഭിക്കുന്ന 115 രൂപയുടെ സഹായം പ്രതിസന്ധി പരിഹരിക്കാന്‍ തീരെ പര്യാപ്തമല്ലെന്നും അവര്‍ പറയുന്നു.

തൊഴിലാളികളുടെ ശമ്പളം പോലും നല്‍കാനാകാത്ത സാഹചര്യമാണെന്ന് ബസ് ഉടമകള്‍ വ്യക്തമാക്കുന്നു. കാസര്‍കോട്ടെ വെറും മൂന്ന് റൂട്ടുകളില്‍ മാത്രമാണ് കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്തത്. അവയും കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള ചെറിയ ദൂര റൂട്ടുകളായതിനാല്‍ മതിയായ വരുമാനം ലഭിക്കുന്നില്ലെന്നും ഉടമകള്‍ ആരോപിച്ചു.

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ചത്തെ പണിമുടക്കും പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരിക്കുന്നത്.