സൗദിയിൽ അനുമതിയില്ലാതെ വീടുകൾ വിഭജിച്ച് വാടകയ്ക്ക് നൽകുന്നതിനെതിരെ കർശന നടപടി; പുതിയ മേൽനോട്ട മാർഗനിർദേശം

♠ അസ്മ ജംഷീദ്

ജിദ്ദ: സൗദി അറേബ്യയിൽ അനുമതിയില്ലാതെ വീടുകൾ ചെറിയ താമസ യൂണിറ്റുകളാക്കി വാടകയ്ക്ക് നൽകുന്ന പ്രവണത തടയാൻ മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിംഗ് മന്ത്രാലയം പുതിയ മേൽനോട്ട മാർഗനിർദേശം പുറത്തിറക്കി. മുനിസിപ്പൽ ചട്ടങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തി തടയുന്നതിനുമാണ് ഈ നടപടി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, താമസക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, നഗരാസൂത്രണ ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്നിവയാണ് പുതിയ മാർഗനിർദേശത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ഒരു വീട് അനുമതിയില്ലാതെ ഒന്നിലധികം മുറികളായോ ചെറിയ താമസ യൂണിറ്റുകളായോ വിഭജിച്ച് വാടകയ്ക്ക് നൽകുന്ന സാഹചര്യങ്ങൾ കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ വിവിധ രേഖകൾ പരിശോധിക്കും. വാടക കരാറുകൾ, കെട്ടിട നിർമാണ അനുമതി രേഖകൾ, മറ്റ് ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ വിലയിരുത്തുന്നതിനൊപ്പം പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും അന്വേഷണത്തിന്റെ ഭാഗമായി പരിഗണിക്കും. ആവശ്യമായാൽ ഉദ്യോഗസ്ഥർ നേരിട്ട് സ്ഥലത്തെത്തി പരിശോധനയും നടത്തും.

അനധികൃതമായി വിഭജിച്ച താമസ കെട്ടിടങ്ങൾക്കും താമസ-വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മിശ്ര കെട്ടിടങ്ങൾക്കും പുതിയ മാർഗനിർദേശം ബാധകമാണ്. നിയമലംഘനം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള മുനിസിപ്പൽ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.