ലോകോത്തര സ്റ്റേഷനറി ബ്രാൻഡ് ‘ഡെലി’ സൗദിയിലേക്ക്; 10,000-ത്തിലധികം ഉൽപ്പന്നങ്ങളുമായി വൻ പ്രവേശനം

മോഡേൺ അറേബ്യയുമായി തന്ത്രപരമായ പങ്കാളിത്തം; ജൂലൈ 6-ന് ജിദ്ദയിൽ മെഗാ എക്സിബിഷൻ
ജിദ്ദ: ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഷനറി നിർമ്മാതാക്കളിലൊന്നായ ചൈനീസ് ബ്രാൻഡ് ഡെലി (Deli Stationery) സൗദി അറേബ്യൻ വിപണിയിലേക്ക് ഔദ്യോഗികമായി പ്രവേശിക്കുന്നു. സൗദിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ മോഡേൺ അറേബ്യ സ്റ്റേഷനറി കമ്പനിയുമായി കൈകോർത്താണ് ഡെലി രാജ്യത്ത് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഈ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി ഡെലിയുടെ പതിനായിരത്തിലധികം അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഷനറി, ഓഫീസ് ഉൽപ്പന്നങ്ങൾ സൗദിയിലുടനീളം ലഭ്യമാകും. സ്വന്തം ഷോറൂമുകൾ ആരംഭിക്കുന്നതിനൊപ്പം ശക്തമായ ഹോൾസെയിൽ, റീട്ടെയിൽ വിതരണ ശൃംഖലയും കമ്പനി രാജ്യവ്യാപകമായി ഒരുക്കും.
പങ്കാളിത്തത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പുതിയ ഉൽപ്പന്നങ്ങളുടെ മെഗാ പ്രദർശനവും ജൂലൈ 6-ന് ജിദ്ദയിലെ മദീന റോഡിലുള്ള മാരിയറ്റ് ഹോട്ടലിൽ നടക്കും. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന എക്സിബിഷനിൽ പ്രമുഖ വ്യവസായികളും വ്യാപാരികളും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും. ഡെലിയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യയിലുള്ള ഉൽപ്പന്നങ്ങളും ഇവിടെ അവതരിപ്പിക്കും.
1981-ൽ സ്ഥാപിതമായ ഡെലി ഗ്രൂപ്പ് ഇന്ന് 150-ലധികം രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആഗോള സ്റ്റേഷനറി ഭീമനാണ്. സ്കൂൾ വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ആർട്ടിസ്റ്റുകൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ട് 24 ഉൽപ്പന്ന വിഭാഗങ്ങളിലായി ഇരുപതിനായിരത്തിലധികം ഉൽപ്പന്നങ്ങളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്. പേനകൾ, ഓഫീസ് സ്റ്റേഷനറി, കാൽക്കുലേറ്ററുകൾ, വൈറ്റ് ബോർഡുകൾ, ഓഫീസ് ഉപകരണങ്ങൾ, പ്രീമിയം ആർട്ട് ഉൽപ്പന്നങ്ങൾ, സ്പോർട്സ് ബ്രാൻഡായ ‘അഗ്നൈറ്റ്’ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
സൗദി വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ-ബിസിനസ് മേഖലകളുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന മികച്ചതും ചെലവ് കുറഞ്ഞതുമായ ഓഫീസ്, സ്കൂൾ സൊല്യൂഷനുകൾ രാജ്യത്ത് എത്തിക്കുകയാണ് ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ഡെലിയുടെ ആഗോള ഉൽപ്പാദന മികവും മോഡേൺ അറേബ്യയുടെ പ്രാദേശിക വിപണി പരിചയവും ഒന്നിക്കുന്നതോടെ സൗദിയിലെ സ്റ്റേഷനറി മേഖലയ്ക്ക് പുതിയ ദിശ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ജിദ്ദയിൽ നടന്ന വാർത്താസമ്മേളനത്തിൽ മോഡേൺ അറേബ്യയെ പ്രതിനിധീകരിച്ച് ഉസാം അൽ ഗാംദിയും, ഡെലി മിഡിൽ ഈസ്റ്റ് മാനേജർ ഷാക്കിറും, ഡെലി പ്രതിനിധി കാർട്ടറും പങ്കെടുത്തു.






