രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയില്ലെന്ന് കേന്ദ്രം

♠ ഹരിത ഉമാമഹേശ്വരൻ

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ ഉടൻ കുറവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും അതിന്റെ ഗുണം ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കാൻ രണ്ടുമുതൽ മൂന്നുമാസം വരെ സമയമെടുക്കാമെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

നിലവിൽ രാജ്യത്തെ എണ്ണക്കമ്പനികൾ, ക്രൂഡ് ഓയിൽ വില ഉയർന്നിരുന്ന കാലയളവിൽ വാങ്ങിയ ശേഖരമാണ് വിതരണം ചെയ്യുന്നതെന്നും അതിനാലാണ് വില കുറയാൻ വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്തിന്റെ ഊർജസുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി എണ്ണ സംഭരണശേഷി വർധിപ്പിക്കുന്നതിനും വിവിധ രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രാജ്യത്തെ തുറമുഖങ്ങൾ, ടെർമിനലുകൾ, സംഭരണശാലകൾ എന്നിവിടങ്ങളിലായി ഏകദേശം 76 മുതൽ 80 ദിവസത്തേക്ക് ആവശ്യമായ ഇന്ധനശേഖരം ലഭ്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.