ജിദ്ദയിൽ 500 വരന്മാർക്ക് ഒരുമിച്ച് മംഗല്യം; ‘ജിദ്ദ ജോയ് 2026’ ശ്രദ്ധേയമായി

♠ അസ്മ ജംഷീദ്

ജിദ്ദ: ജിദ്ദ ഗവർണർ പ്രിൻസ് സൗദ് ബിൻ അബ്ദുല്ലയുടെ സാന്നിധ്യത്തിൽ, ജിദ്ദയിലെ 500 വരന്മാരെ ആദരിച്ച് സംഘടിപ്പിച്ച “ജിദ്ദ ജോയ് 2026” കൂട്ടവിവാഹ ആഘോഷം ശ്രദ്ധേയമായി. കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ കിംഗ് ഫൈസൽ കോൺഫറൻസ് സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ സർക്കാർ ഉദ്യോഗസ്ഥർ, പ്രമുഖ വ്യവസായികൾ, സാമൂഹിക പ്രവർത്തകർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ജിദ്ദ ആസ്ഥാനമായുള്ള യുവജന വിവാഹസഹായ-കുടുംബ മാർഗനിർദേശ ചാരിറ്റബിൾ അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്. സൗദി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിൽ അസോസിയേഷൻ ചെയർമാൻ അനസ് ബിൻ അബ്ദുൽവഹാബ് സ്വാഗതപ്രസംഗം നടത്തി.

രണ്ട് വിശുദ്ധ ഹറമുകളുടെ സേവകനായ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക പ്രവിശ്യ ഗവർണറുമായ പ്രിൻസ് ഖാലിദ് അൽ ഫൈസലിന്റെ രക്ഷാകർതൃത്വത്തിലും ജിദ്ദ ഗവർണറുടെ സാന്നിധ്യത്തിലുമാണ് ചടങ്ങ് നടന്നത്. ലാഭേച്ഛയില്ലാത്ത സംഘടനകൾക്ക് സൗദി ഭരണകൂടം നൽകുന്ന ശക്തമായ പിന്തുണയുടെ ഭാഗമാണ് ഈ പരിപാടിയെന്നും, വിഷൻ 2030 ലക്ഷ്യങ്ങളുടെ ഭാഗമായി സാമൂഹിക സംഘടനകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരമൊരു പരുപാടി ഒരുക്കിയത്.

അസോസിയേഷൻ സ്ഥാപിതമായതുമുതൽ ഇതുവരെ 1,22,000-ത്തിലധികം യുവതീയുവാക്കളുടെ വിവാഹത്തിന് സാമ്പത്തികവും സാമൂഹികവും മാനസികവും ആരോഗ്യപരവും സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട പരിശീലനങ്ങളും മാർഗനിർദേശങ്ങളും ഉൾപ്പെടെയുള്ള സമഗ്ര പിന്തുണ നൽകിയിട്ടുണ്ടെന്ന് അനസ് ബിൻ അബ്ദുൽവഹാബ് വ്യക്തമാക്കി. കുടുംബങ്ങളുടെ സ്ഥിരതയും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുക എന്നതാണ് അസോസിയേഷന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിന്റെ സമാപനത്തിൽ, “ജിദ്ദ ജോയ് 2026” വിജയകരമാക്കാൻ പിന്തുണ നൽകിയ സ്പോൺസർമാരെയും പങ്കാളികളെയും ജിദ്ദ ഗവർണർ പ്രിൻസ് സൗദ് ബിൻ അബ്ദുല്ല ആദരിച്ചു.