മയക്കുമരുന്ന് കടത്തും വിതരണവും; റിയാദിൽ 22 അംഗ ക്രിമിനൽ സംഘം പിടിയിൽ

♠ അസ്മ ജംഷീദ്

റിയാദ്: മയക്കുമരുന്ന് കടത്തുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന ക്രിമിനൽ ശൃംഖല റിയാദ് മേഖലയിൽ കണ്ടെത്തി തകർത്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഘത്തിലെ 22 പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അറസ്റ്റിലായവരിൽ 19 പേർ സൗദി പൗരന്മാരാണ്. ഇവരിൽ ഒരാൾ മുനിസിപ്പാലിറ്റി & ഹൗസിംഗ് മന്ത്രാലയത്തിലെ ജീവനക്കാരനാണ്. കൂടാതെ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചു സൗദിയിലെത്തിയ എത്യോപ്യക്കാരൻ, മൊറോക്കൻ സ്വദേശിനിയായ ഒരു പ്രവാസി വനിത, യമൻ സ്വദേശിയായ ഒരു പ്രവാസി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ബന്ധപ്പെട്ട സുരക്ഷാ വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വ്യാപനം നടത്താനുള്ള എല്ലാ കുറ്റകൃത്യശ്രമങ്ങളെയും സുരക്ഷാസേന ശക്തമായി ചെറുക്കുമെന്നും, സൗദിയുടെ സുരക്ഷയ്ക്കും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയ്ക്കും ഭീഷണിയാകുന്നവരെ കർശനമായി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും മന്ത്രാലയം വ്യക്തമാക്കി.