ഖുർആൻ മനഃപാഠമാക്കാൻ സുവർണാവസരം; ജിദ്ദയിൽ 40 ദിവസത്തെ പ്രത്യേക പരിശീലനം

ജിദ്ദ: ജിദ്ദ ദഅവാ കോ ഓർഡിനേഷൻ കമ്മറ്റിയുടെ കീഴിലുള്ള അനസ് ബിൻ മാലിക് മദ്രസ, വിശുദ്ധ ഖുർആൻ പഠനത്തിനും പാരായണത്തിനും പരിശീലനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ ഭാഗമായി ഈ വേനലവധിക്കാലത്ത് 40 ദിവസത്തെ ഖുർആൻ മനഃപാഠ പദ്ധതി സംഘടിപ്പിക്കുന്നതായി ഷഫിയ്യയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ സെന്റർ ഭാരവാഹികൾ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ജൂലൈ 5-ന് ആരംഭിച്ച് ആഗസ്റ്റ് 14-ന് അവസാനിക്കുന്ന പരിശീലനത്തിൽ, ഖുർആൻ നന്നായി നോക്കി പാരായണം അറിയാവുന്ന 15 ആൺകുട്ടികൾക്കും 15 പെൺകുട്ടികൾക്കും പ്രവേശനം നൽകും. എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും കുട്ടികൾക്ക് പ്രവേശനം നൽകുക. ഖുർആൻ പറയണം അറിയാവുന്ന കുട്ടികൾക്ക് അധ്യാപകരുടെ വ്യക്തിഗത അഭിമുഖം ഉൾപ്പെടുന്ന പരിശീലനത്തിനാണ് മുൻഗണന ക്രമീകരിച്ചിട്ടുള്ളത്. താല്പര്യമുള്ളവർക്ക് 0509299816, 0576948776, 0535618598 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാവുന്നതാണ്.
ഖുർആൻ പാരായണ നിയമങ്ങളിൽ പരിജ്ഞാനവും തജ്‌വീദ് അധ്യാപന രംഗത്ത് വർഷങ്ങളുടെ പ്രവൃത്തി പരിചയവുമുള്ള, അറബ് പൗരന്മാരായ വിദഗ്ധ അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. ശനി മുതൽ വ്യാഴം വരെ എല്ലാ ദിവസവും രാവിലെ 6:00 മുതൽ വൈകിട്ട് 6:00 വരെയാണ് ക്ലാസുകൾ നടക്കുക. വ്യക്തിഗത മികവിനനുസരിച്ചു അഞ്ച്മുതൽ ഇരുപത് ജുസുഉ വരേയാണ് ഈ കാലയളവിൽ കുട്ടികൾ മനഃപാഠമാക്കുക. ജിദ്ദയുടെ എല്ലാഭാഗങ്ങളിൽനിന്നും വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഖുർആൻ മനഃപാഠമാക്കുന്നതിനൊപ്പം പഠനം പൂർത്തിയാക്കുന്നവർക്ക് റിവിഷൻ ചെയ്യുവാനുള്ള സംവിധാനവും ഒരുക്കും.
2013 മുതൽ കഴിഞ്ഞ ദിവസങ്ങളിലായി തുടർച്ചയായി മനഃപാഠം എന്ന ലക്ഷ്യത്തോടെ 60 ദിവസത്തെ പാരായണ പരിശീലനവുമായി അനസ് ബിൻ മാലിക് സെന്റർ നൂറുകണക്കിന് കുട്ടികളെ ഈ രംഗത്തേക്ക് പരിചയപ്പെടുത്തി. നൂറുൽ ഖുർആൻ പദ്ധതിയിലൂടെ ഖുർആൻ പഠിച്ച് നിരവധി വിദ്യാർത്ഥികൾ ഇന്ന് സൗദി അറേബ്യയിലെ വിവിധ ഇസ്‌ലാമിക് യൂണിവേഴ്സിറ്റികളിലും പഠിച്ചുവരുന്നതായി വാർത്താസമ്മേളനത്തിൽ കമ്മറ്റി പ്രസിഡന്റ് മുഹമ്മദ് കുട്ടി ഐക്കരപ്പടി, ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, സെക്രട്ടറി ഹാഫിള് ഇഖ്ബാൽ തൃക്കരിപ്പൂർ, അസൻസ് ബിൻ മാലിക് മദ്രസ പ്രിൻസിപ്പൽ മുഹമ്മദ് ഹഫീഫ് സുല്ലമി, ജോയിന്റ് സെക്രട്ടറി സൽമാനുൽ ഫാരിസ് എന്നിവർ അറിയിച്ചു.






