ഗോൾരഹിത സമനില; ലോകകപ്പിൽ നിന്ന് സൗദി ആദ്യ റൗണ്ടിൽ തന്നെ പുറത്തേക്ക്

റിയാദ്: കേപ് വെർദെയ്ക്കെതിരായ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങിയതോടെ 2026 ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ നിന്ന് സൗദി അറേബ്യ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

ശനിയാഴ്ച പുലർച്ചെ നടന്ന ഗ്രൂപ്പ് എച്ചിലെ മൂന്നാം റൗണ്ട് മത്സരത്തിൽ വിജയിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിലെത്താൻ കഴിയുമായിരുന്ന സൗദിക്ക് ഗോൾ കണ്ടെത്താനാകാതെ സമനിലയിൽ തൃപ്തിപ്പെടേണ്ടിവന്നു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ഈ സമനിലയോടെ സൗദിയുടെ പോയിന്റ് നില രണ്ട് മാത്രമായി. ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് സൗദി ഫിനിഷ് ചെയ്തത്. മുഴുവൻ മത്സരത്തിലും കേപ് വെർദെയുടെ പ്രതിരോധത്തെ കാര്യമായി പരീക്ഷിക്കാൻ സൗദി മുന്നേറ്റനിരയ്ക്ക് സാധിച്ചില്ല. നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ടീം പരാജയപ്പെട്ടു.

മറുവശത്ത്, നിർണായക സമനില സ്വന്തമാക്കിയ കേപ് വെർദെ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ സ്പെയിനിനൊപ്പം നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യതയും അവർ ഉറപ്പിച്ചു.

ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഉറുഗ്വെയുമായി 1-1ന് സമനില നേടിയ സൗദി, രണ്ടാം മത്സരത്തിൽ സ്പെയിനിനോട് 4-0ന് ദയനീയമായി പരാജയപ്പെട്ടിരുന്നു. നിർണായകമായ മൂന്നാം മത്സരത്തിലും ജയം നേടാനാകാതിരുന്നതോടെയാണ് സൗദിയുടെ ലോകകപ്പ് സ്വപ്നം അവസാനിച്ചത്.