ജീവന്മരണ പോരാട്ടത്തിന് സൗദി; കേപ് വെർദെക്കെതിരെ ജയമാണ് ഏക ലക്ഷ്യം

കേപ് വെർദെക്കെതിരായ നിർണായക പോരാട്ടത്തിന് സജ്ജം; ജയമാണ് ഏക ലക്ഷ്യമെന്ന് നാസർ അൽ-ദൗസരി
സൗദി ദേശീയ ഫുട്ബോൾ ടീമിന്റെ മിഡ്ഫീൽഡർ നാസർ അൽ-ദൗസരി, കേപ് വെർദെക്കെതിരായ നിർണായക മത്സരത്തിന് ഗ്രീൻ ഫാൽക്കൺസ് പൂർണസജ്ജരാണെന്നും ഈ മത്സരത്തിൽ ജയിക്കുക മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്നും വ്യക്തമാക്കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
“ജയിച്ചില്ലെങ്കിൽ പുറത്തേക്ക്” എന്ന സാഹചര്യത്തിലാണ് സൗദി കേപ് വെർദെക്കെതിരെ ഇറങ്ങുന്നത്. ഈ മത്സരത്തിൽ വിജയം നേടിയാൽ മറ്റ് മത്സരഫലങ്ങൾ കാത്തുനിൽക്കാതെ തന്നെ അടുത്ത ഘട്ടത്തിലേക്ക് യോഗ്യത ഉറപ്പാക്കാം. എന്നാൽ വിജയിക്കാനായില്ലെങ്കിൽ ടൂർണമെന്റിലെ സൗദിയുടെ യാത്ര അവസാനിക്കുമെന്നതാണ് നിലവിലെ കണക്കുകൂട്ടൽ.
‘“ഞങ്ങളുടെ മേൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തത്തിന്റെ ഗൗരവം ഞങ്ങൾക്ക് പൂർണമായി ബോധ്യമുണ്ട്. കേപ് വെർദേക്കെതിരായ മത്സരം ഞങ്ങൾക്ക് ഒരു ഫൈനലിന് തുല്യമാണ്. ഇവിടെ പിഴവുകൾക്ക് യാതൊരു ഇടവുമില്ല. കഴിഞ്ഞ മത്സരത്തെക്കുറിച്ചുള്ള എല്ലാ ചിന്തകളും ഞങ്ങൾ പിന്നിലാക്കി. ഇപ്പോഴുള്ള മുഴുവൻ ശ്രദ്ധയും മൂന്ന് പോയിന്റ് സ്വന്തമാക്കുന്നതിലാണ്.” അദ്ദേഹം തുടർന്നു:
“സൗദി ദേശീയ ടീമിന്റെ പേരിന് യോജിച്ച പ്രകടനത്തിലൂടെ ആരാധകർക്ക് മറുപടി നൽകുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. ഫുട്ബോൾ മൈതാനത്തെ പ്രകടനത്തെയാണ് അംഗീകരിക്കുന്നത്, അതാണ് ഞങ്ങൾ കാഴ്ചവെക്കുക. അവസാന നിമിഷം വരെ ഞങ്ങൾക്ക് പിന്തുണ നൽകണമെന്ന് ആരാധകരോട് അഭ്യർഥിക്കുന്നു. ഞങ്ങളുടെ ആത്മവിശ്വാസവും അടുത്ത ഘട്ടത്തിലെത്താനുള്ള വിശ്വാസവും ഇപ്പോഴും ശക്തമാണ്.”
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഉറുഗ്വെയെതിരെ 1-1 സമനില നേടി സൗദി മികച്ച തുടക്കമാണ് കുറിച്ചത്. ആ മത്സരത്തിൽ പ്രതിരോധനിരയുടെ അച്ചടക്കവും ഗോൾകീപ്പർ മുഹമ്മദ് അൽ-ഒവൈസിന്റെ മികച്ച പ്രകടനവും ശ്രദ്ധേയമായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ സ്പെയിൻ പ്രതിരോധത്തിലെ പിഴവുകൾ മുതലെടുത്ത് 4-0ന് വമ്പൻ ജയം സ്വന്തമാക്കിയതോടെ സൗദിയുടെ യോഗ്യതാ സാധ്യതകൾ സങ്കീർണമായി. ഇനി കേപ് വെർഡെയെതിരായ അവസാന മത്സരം സൗദിക്ക് ജീവന്മരണ പോരാട്ടമായിരിക്കുകയാണ്.
സൗദി സമയം ശനിയാഴ്ച പുലർച്ചെ 3 മണിക്കാണ് (ഇന്ത്യൻ സമയം 05.30) കേപ് വെർദെയും സൗദി ടീമും തമ്മിലുള്ള മത്സരം.






