എബോള ജാഗ്രതയിൽ സൗദി; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താൽക്കാലിക പ്രവേശന വിലക്ക്

റിയാദ്: ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ എബോള വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദി അറേബ്യ താൽക്കാലിക പ്രവേശന വിലക്ക് ഏർപ്പെടുത്തി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

സൗദി പൊതുജനാരോഗ്യ അതോറിറ്റിയായ വെഖായ (Weqaya) പുറത്തിറക്കിയ അറിയിപ്പിലാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (ഡി.ആർ. കോംഗോ), ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

ഈ രാജ്യങ്ങളിലേതെങ്കിലും ഒന്നിൽ സൗദിയിലെത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനിടെ താമസിച്ചിട്ടുള്ള വിദേശികൾക്കും വിലക്ക് ബാധകമായിരിക്കും. അവർ മറ്റേതെങ്കിലും രാജ്യങ്ങൾ വഴിയാണ് യാത്ര ചെയ്യുന്നതെങ്കിലും എല്ലാ തരത്തിലുള്ള പ്രവേശന വിസകളും താൽക്കാലികമായി നിർത്തിവെച്ചതായി വെഖായ അറിയിച്ചു.

അതേസമയം, റുവാണ്ട, ബുറുണ്ടി, ടാൻസാനിയ, കോംഗോ-ബ്രസാവിൽ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാർക്ക് കർശനമായ ആരോഗ്യപരിശോധനയും രോഗനിരീക്ഷണവും ഏർപ്പെടുത്തും. അതിർത്തി പ്രവേശന കേന്ദ്രങ്ങളിൽ പ്രത്യേക മെഡിക്കൽ പരിശോധനകൾക്കും ഇവർ വിധേയരാകും.

2019 മുതൽ സൗദി അറേബ്യയിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊതുജനാരോഗ്യ അതോറിറ്റി അറിയിച്ചു. 1976-ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആദ്യമായി കണ്ടെത്തിയ എബോള വൈറസിന്റെ മരണനിരക്ക് ശരാശരി 50 ശതമാനമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ലോകത്താകമാനം ഇതുവരെ 15,000-ത്തിലധികം പേർ എബോള ബാധിച്ച് മരിച്ചിട്ടുണ്ട്.

ഇതിനിടെ, ഡി.ആർ. കോംഗോയിൽ മനുഷ്യാവകാശ ദൗത്യത്തിൽ പങ്കെടുത്ത ശേഷം ഫ്രാൻസിലേക്ക് മടങ്ങിയ ഒരു ഡോക്ടർക്ക് എബോള സ്ഥിരീകരിച്ചതായി ഫ്രഞ്ച് അധികൃതർ ബുധനാഴ്ച അറിയിച്ചു. ചികിത്സയ്ക്കായി അദ്ദേഹത്തെ പ്രത്യേക ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.