യുവാക്കളെ പുകവലിയിൽ നിന്ന് അകറ്റാൻ സൗദിയുടെ കടുത്ത നിർദേശം

♠ അസ്മ ജംഷീദ്
റിയാദ്: യുവതലമുറയെ പുകവലിയുടെ അപകടങ്ങളിൽ നിന്ന് കൂടുതൽ ഫലപ്രദമായി സംരക്ഷിക്കുന്നതിനായി പുകയില ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമുള്ള നിയമപരമായ കുറഞ്ഞ പ്രായപരിധി നിലവിലെ 18 വയസിൽ നിന്ന് 21 വയസായി ഉയർത്തണമെന്ന് സൗദി അറേബ്യയിൽ ശുപാർശ ഉയർന്നു. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവാക്കളിൽ പുകവലി ശീലം കുറയ്ക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നിർദേശം.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഇതോടൊപ്പം, ഇ-സിഗരറ്റുകൾ ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കുന്ന വിവിധ സുഗന്ധവസ്തുക്കൾ (ഫ്ലേവറുകൾ) നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യണമെന്നും ശുപാർശ ചെയ്യുന്നു. പഴം, മിഠായി, പാനീയങ്ങൾ എന്നിവയുടെ രുചിയിലുള്ള ഫ്ലേവറുകൾ കൗമാരക്കാരെയും യുവാക്കളെയും പുകവലിയിലേക്ക് ആകർഷിക്കുന്നുവെന്ന ആശങ്കയാണ് ഈ നീക്കത്തിന് പിന്നിൽ.
പുകയില ഉൽപ്പന്നങ്ങൾ വിൽക്കുമ്പോൾ ഉപഭോക്താക്കളുടെ പ്രായം കർശനമായി പരിശോധിക്കുന്നതിന് കൂടുതൽ ശക്തമായ സംവിധാനങ്ങൾ നടപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു. പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ ലഭിക്കുന്നത് തടയുകയും ഭാവിയിൽ പുകവലി മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
പുകവലി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമുള്ള സൗദിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ശുപാർശ വിലയിരുത്തപ്പെടുന്നത്. നിയമമാകുന്ന പക്ഷം രാജ്യത്തെ പുകയില നിയന്ത്രണ രംഗത്ത് ഇത് വലിയ മാറ്റത്തിന് വഴിയൊരുക്കും.






