വാഷിംഗ്ടണും ടെഹ്‌റാനും തമ്മിലുള്ള ചർച്ചകൾക്ക് ഖത്തറും പാകിസ്താനും മധ്യസ്ഥർ; സ്ഥിര സമാധാന കരാറിന് പ്രതീക്ഷ

♠ അസ്മ ജംഷീദ്

റിയാദ്: പശ്ചിമേഷ്യയിലെ പുതിയ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങളും അമേരിക്ക-ഇറാൻ ചർച്ചകളുടെ പുരോഗതിയും സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണത്തിൽ ചർച്ചയായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പശ്ചിമേഷ്യയിൽ നൂറിലധികം ദിവസങ്ങളായി തുടരുന്ന സംഘർഷാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ആഴ്ച അമേരിക്കയും ഇറാനും തമ്മിൽ ധാരണാ പത്രത്തിൽ ഒപ്പുവെച്ചതിനെ തുടർന്ന് രൂപപ്പെട്ട നയതന്ത്ര നീക്കങ്ങളാണ് ഇരുവരും പ്രധാനമായും വിലയിരുത്തിയത്.

വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ തുടരുന്ന ചർച്ചകൾക്ക് ഖത്തറും പാകിസ്താനും മധ്യസ്ഥരായി പ്രവർത്തിക്കുന്നതിനെ മന്ത്രിമാർ സ്വാഗതം ചെയ്തു. ഈ ചർച്ചകൾ മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്ന ദീർഘകാല സമാധാന കരാറിലേക്ക് നയിക്കുമെന്ന പ്രത്യാശയും അവർ പ്രകടിപ്പിച്ചു.

സംഭാഷണത്തിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും ശാശ്വത പരിഹാരങ്ങൾ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ നടക്കുന്ന ചർച്ചകൾക്ക് ദോഹയുടെ പൂർണ പിന്തുണയുണ്ടെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽ താനി വ്യക്തമാക്കി. ഖത്തർ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.