ജിദ്ദയുടെ ഫുട്ബോൾ രാജാക്കൻമാർ റീം അൽ ഉല

ജിദ്ദയിലെ പ്രവാസി ഫുട്ബോൾ രംഗത്തിന് പുതുജീവൻ പകർന്ന ധമാക്ക 2K26, കായിക മികവും മികച്ച സംഘാടനവും കാണികളുടെ ആവേശവും ഒരുമിച്ചുചേർന്ന ശ്രദ്ധേയ ടൂർണമെന്റായി മാറി.

♠ അസ്മ ജംഷീദ്

ജിദ്ദ: മാസങ്ങളോളം നിശ്ചലമായിരുന്ന ജിദ്ദയിലെ കളിയാരവങ്ങൾക്കു പുത്തൻ ഉണർവിന്റേയും ആവേശത്തിന്റെയും രണ്ട് രാവുകൾ കായികപ്രേമികൾക്ക്സമ്മാനിച്ച “നിസ് അറേബ്യ ധമാക്ക 2K26” ഫുട്ബോൾ ടൂർണമെന്റ് സമാപിച്ചു. നിസ് അറേബ്യയും എൻ കംഫർട്ട്യും സംയുക്തമായി സംഘടിപ്പിച്ച ടൂർണമെന്റ് മുശ്റിഫിലെ ഒളിമ്പിക്സ് വില്ലേജ് സ്റ്റേഡിയത്തിൽ നടന്നു. ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ സൗദി സ്പോർട്സ് അതോറിറ്റിയുടെ അംഗീകാരത്തോടെ സംഘടിപ്പിക്കപ്പെട്ട ആദ്യ ഫുട്ബോൾ ടൂർണമെന്റ് എന്ന പ്രത്യേകതയും ധമാക്ക 2K26-നുണ്ടായിരുന്നു. രണ്ടായിരത്തിലധികം കാണികൾ സാക്ഷിയായ മത്സരങ്ങൾ ജിദ്ദയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശകരവും വ്യത്യസ്തവുമായ അനുഭവമായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

വിജയികളായ റീം അൽ ഉല എഫ് സി  ക്യാപ്റ്റൻ എൻ കംഫോർട്ട് സിഇഒ ലത്തീഫ് കാപ്പുങ്ങൽ ,നിസ് അറേബ്യ സി ഇ ഒ ഡോ. ഇന്ദു, മാനേജിങ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ എന്നിവരിൽ നിന്നും സ്വീകരിക്കുന്നു.

ടൂർണമെന്റിൽ ആറ് ടീമുകളാണ് മാറ്റുരച്ചത്. എ ഗ്രൂപ്പിൽ ബാൻ ബേക്കറി എഫ്.സി, ബ്ലാക്ക് റൈഡ് എഫ്.സി, ചാംസ് എഫ്.സി ടീമുകളും, ബി ഗ്രൂപ്പിൽ അറബ് ഡ്രീം എഫ്.സി, റീം അൽ ഉല എഫ്.സി, സെവൻ സ്റ്റാർ എഫ്.സി ടീമുകളും മത്സരിച്ചു.

ലീഗ് റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ബാൻ ബേക്കറി എഫ്.സിയും റീം അൽ ഉല എഫ്.സിയും ഫൈനലിലേക്ക് മുന്നേറി. ഇരുടീമുകളുടെയും നിരയിൽ ശ്രദ്ധേയ താരങ്ങളുടെ സാന്നിധ്യം ടൂർണമെന്റിന്റെ നിലവാരം ഉയർത്തി. സി.പി. സുഹൈർ, ദിൽഷാദ് അഹമ്മദ്, സുഹൈൽ, ആശിഖ് എന്നിവർ ഒരു വശത്തും, മുൻഷിദ്, അക്മൽ ഖാൻ, അൽമാസ് എന്നിവരടങ്ങിയ ശക്തമായ നിര മറുവശത്തും അണിനിരന്നപ്പോൾ ഫൈനൽ ഇഞ്ചോടിഞ്ച് പോരാട്ടമായി മാറി. ദമ്മാമിൽ നിന്നെത്തിയ പ്രഗത്ഭ താരങ്ങളുടെ സാന്നിധ്യവും മത്സരത്തിന് കൂടുതൽ മികവ് നൽകി.

ആവേശകരമായ ഫൈനലിൽ കളിയുടെ ആദ്യ പകുതിയിലാണ് നിർണായക ഗോൾ പിറന്നത്. റീം അൽ ഉല എഫ്.സിയുടെ സുഹൈൽ ഉതിർത്ത ലോങ് റേഞ്ച് ഷോട്ട്, ബാൻ ബേക്കറിയുടെ വിശ്വസ്ത ഗോൾകീപ്പർ ആശിഖിന് അവസരമൊന്നും നൽകാതെ വലയിലേക്കെത്തി. ആ ഏക ഗോൾ തന്നെ മത്സരത്തിന്റെ വിധി നിർണയിക്കുകയും ബാൻ ബേക്കറി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി റീം അൽ ഉല എഫ്.സി കിരീടം സ്വന്തമാക്കുകയും ചെയ്തു.

കളിയുടെ ഗതിക്കെതിരായി ലഭിച്ച പെനാൽറ്റി, ലീഡ് വർധിപ്പിക്കാൻ റീം എഫ് സിക്ക് ലഭിച്ച ഒരു സുവർണാവസരമായിരുന്നു. എന്നാൽ ഇന്ത്യൻ താരം സുഹൈർ എടുത്ത പെനാൽറ്റി കിക്ക് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയത് ബാൻ ബേക്കറി എഫ്‌സിക്ക് വലിയൊരു ആശ്വാസമായി മാറി.

ഫൈനലിന് ശേഷം നടന്ന സമ്മാനദാനച്ചടങ്ങിൽ ചാമ്പ്യൻമാരായ റീം അൽ ഉല എഫ്.സിക്കുള്ള ട്രോഫി എൻ കംഫർട്ട് ചെയർമാൻ അബ്ദുല്ലത്തീഫ് കാപ്പുങ്ങൽ, നിസ് അറേബ്യ മാനേജിങ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂർ, നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരൻ, മാസ്റ്റർ മുഹമ്മദ് യസീൻ ലത്തീഫ് എന്നിവർ ചേർന്ന് സമ്മാനിച്ചു. റണ്ണേഴ്സ് അപ്പായ ബാൻ ബേക്കറി എഫ്.സിക്കുള്ള ട്രോഫി റീഗൽ ഗ്രൂപ്പ് ചെയർമാൻ മുജീബ് റീഗലും നിസ് അറേബ്യ പ്രതിനിധികളും ചേർന്ന് നൽകി.

ടൂർണമെന്റിലെ മികച്ച കളിക്കാരനും ടോപ് സ്‌കോററുമായി തിരഞ്ഞെടുക്കപ്പെട്ടത് ബാൻ ബേക്കറി എഫ്‌സി യുടെ ദിൽഷാദ് അഹമ്മദും ,മികച്ച ഗോൾകീപ്പർ ആയി ബാൻ ബേക്കറി എഫ്‌സി യുടെ ഇക്ബാലിനെയുമാണ് തിരഞ്ഞെടുത്തത് .

ടൂർണമെന്റിനോടനുബന്ധിച്ച് 17 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച സൗഹൃദ മത്സരവും ശ്രദ്ധേയമായി. ഐ.ഐ.എസ് ജിദ്ദയും ടാലന്റ് എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ മികച്ച കോമ്പിനേഷനുകളുമായി കളം നിറഞ്ഞെങ്കിലും, അവസരങ്ങൾ ഗോളാക്കി മാറ്റുന്നതിൽ ടാലന്റ് എഫ്.സി പിന്നിലായി. മത്സരഫലം 5-0 എന്ന സ്കോറിൽ ഐ.ഐ.എസ് ജിദ്ദയ്ക്ക് അനുകൂലമായി. ജിദ്ദയിലെ വിവിധ അക്കാദമികളിലെ മികച്ച കുട്ടികളെ ഉൾപ്പെടുത്തി ഇറങ്ങിയ ഐ.ഐ.എസ് ജിദ്ദ ടീമിന്റെ മികവ് മത്സരത്തിൽ വ്യക്തമായി പ്രകടമായി. ജൂനിയർ താരങ്ങളുടെ ഈ മത്സരം ഭാവിയിലെ ഫുട്ബോൾ ലോകത്തിന് വലിയ പ്രതീക്ഷ നൽകുന്ന നിരവധി പ്രതിഭകളെ കൂടി പരിചയപ്പെടുത്തി.

ടൂർണമെന്റിന്റെ ആദ്യദിനത്തിൽ നടന്ന കിക്കോഫ് ചടങ്ങിൽ എൻ കംഫർട്ട് ഓപ്പറേഷൻ മാനേജർ സഹ്‌റാൻ അൽ ഗാംദി കിക്കോഫ് നിർവഹിച്ചു. ചടങ്ങിൽ എൻ കംഫർട്ട് ചെയർമാൻ അബ്ദുല്ലത്തീഫ് കാപ്പുങ്ങൽ, റീഗൽ ഗ്രൂപ്പ് ചെയർമാൻ മുജീബ് റീഗൽ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ വി.പി. മുഹമ്മദാലി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു. സൗദി സ്പോർട്സ് അതോറിറ്റി പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ടൂർണമെന്റിന്റെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു മത്സരങ്ങൾ നിയന്ത്രിച്ചത് ഫിഫയും സൗദി സ്പോർട്സ് അതോറിറ്റിയും അംഗീകരിച്ച റഫറിമാരാണെന്നത്. സൗദി ഫുട്ബോൾ സംവിധാനത്തിന്റെ കീഴിലുള്ള ലൈസൻസ്ഡ് റഫറിമാരുടെ സാന്നിധ്യം മത്സരങ്ങൾക്ക് കൂടുതൽ പ്രൊഫഷണൽ നിലവാരം നൽകി. ഉയർന്ന നിലവാരം പുലർത്തിയ റഫറിയിംഗ് ഓരോ മത്സരവും സുതാര്യവും നിയന്ത്രിതവുമായതാക്കി മാറ്റി. ടൂർണമെന്റിന്റെ വീഡിയോ, സ്കോർബോർഡ്, ടെക്നിക്കൽ സംവിധാനങ്ങൾ മാസ്റ്റർ ഷയാൻ നൗഷാദ് കൈകാര്യം ചെയ്തു.

റാഫി ബീമാപ്പള്ളി, എൻജിനീയർ ജുനൈദ, സ്നേഹ സാം എന്നിവർ പരിപാടിയുടെ അവതാരകരായി. നിസ് അറേബ്യ സി.ഇ.ഒ ഡോ. ഇന്ദു ചന്ദ്രശേഖരനും മാനേജിങ് ഡയറക്ടർ നൗഷാദ് ചാത്തല്ലൂറും നേതൃത്വം നൽകിയ സംഘാടക സമിതിയിൽ അയ്യൂബ് മുസലിയാരകത്ത്, നാസർ ശാന്തപുരം, ഷമീം അയ്യൂബ്, റംല , റാഫി ബീമാപ്പള്ളി, ജുനൈസ് യൂനുസ്, അബു കട്ടുപ്പാറ, നൗഷാദ് പാല ക്കൽ , സത്താർ പരിയാരം, ജംഷി, ഇസ്ഹാഖ് കോട്ടപ്പുറം , ഇസ്ഹാഖ് പരപ്പനങ്ങാടി , മുഹ്സിൻ എൻ കംഫർട്ട്, ഉവൈസ്, റാഫി ആലുവ, മജീദ് ,അഷ്‌റഫ് ചുക്കൻ,സഫീർ കോട്ടപ്പുറം,ശിഹാബ്, സക്കീർ സൂപ്പർ സ്റ്റുഡിയോ എന്നിവരാണ് ടൂർണമെന്റിന്റെ മുഴുവൻ ഒരുക്കങ്ങളും നിർവഹിച്ചത് കൂടാതെ, ജിദ്ദയിലെ കാൽപ്പന്ത് മത്സരങ്ങളുടെ സ്ഥിരസാന്നിധ്യങ്ങളായ കായികപ്രവർത്തകരും പരിപാടിയുടെ ഏകോപനത്തിൽ സജീവമായി രംഗത്തുണ്ടായിരുന്നു.

ടൂർണമെന്റിന്റെ മുഖ്യ പ്രായോജകരായി എൻ-കംഫോര്ട്ടും, കൂടെ പരിപൂർണ്ണ സഹകരണവുമായി (Powered by) റീഗൽ ഗോൾഡ് & ഡയമണ്ട്സ്, മറ്റു സഹപ്രായോജകർ റീം അൽ ഉല ട്രേഡിങ്ങ് കമ്പനി യാംബോ, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ, മാക്ക് അറേബ്യയ കമ്പനി,അൽമാസ് -ഷിഫാ ബവാദി മെഡിക്കൽ ഗ്രൂപ്,എമറാൾഡ് ബിസിനസ്സ് ഗ്രൂപ് എന്നിവരായിരുന്നു..