ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വിമാനത്താവളം വഴിയുള്ള മടക്കയാത്ര പൂർത്തിയായി; സേവനനിർവഹണത്തിൽ ചാരിതാർത്ഥ്യവുമായി ജിദ്ദ കെ.എം.സി.സി വളണ്ടിയർമാർ

ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമങ്ങൾ നിർവഹിച്ച ഇന്ത്യൻ ഹാജിമാരുടെ ജിദ്ദ വിമാനത്താവളം വഴിയുള്ള മടക്കയാത്ര വിജയകരമായി പൂർത്തിയായി. ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട ആകാശ് എയറിന്റെ QP-7603 വിമാനത്തിലാണ് അവസാന സംഘം സ്വദേശത്തേക്ക് മടങ്ങിയത്. 123 ഹാജിമാർ ഉൾപ്പെട്ട ഈ വിമാനയാത്രയോടെ ജിദ്ദ വിമാനത്താവളത്തെ കേന്ദ്രീകരിച്ച് മാസങ്ങളായി നടന്ന വിവിധ സംഘടനകൾ നടത്തിയ ഹജ്ജ് സേവന പ്രവർത്തനങ്ങൾക്കും സമാപനമായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പുണ്യഭൂമിയിലെത്തിയ ആദ്യ ഇന്ത്യൻ ഹാജിമാരെ സ്വീകരിച്ചത് മുതൽ സ്വദേശത്തേക്കുള്ള അവസാന യാത്രയയപ്പ് വരെ ഹാജിമാർക്ക് താങ്ങും തണലുമായി പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിലാണ് ജിദ്ദ കെ.എം.സി.സി ഹജ്ജ് വളണ്ടിയർ വിങ്. ഏപ്രിൽ 30-ന് കൊച്ചിയിൽ നിന്നെത്തിയ ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിച്ചതോടെ ആരംഭിച്ച സേവന പ്രവർത്തനങ്ങൾ അവസാന വിമാനത്തിന്റെ പുറപ്പെടൽ വരെ തുടർന്നു.

ഇന്ത്യയിലെ വിവിധ എംബാർക്കേഷൻ കേന്ദ്രങ്ങളിൽ നിന്നായി ജിദ്ദയിലെത്തിയ പതിനായിരക്കണക്കിന് ഹാജിമാർക്കാണ് കെ.എം.സി.സി പ്രവർത്തകർ ഹൃദയപൂർവമായ സ്വീകരണവും സഹായസേവനങ്ങളും ഒരുക്കിയത്. ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രത്യേക അനുമതിയോടെ ഷിഫ്റ്റ് അടിസ്ഥാനത്തിൽ 120-ഓളം വളണ്ടിയർമാരെ വിമാനത്താവളത്തിൽ നിയോഗിച്ചിരുന്നു.

ഹാജിമാർക്ക് ആവശ്യമായ പാനീയങ്ങളും ലഘുഭക്ഷണങ്ങളും വിതരണം ചെയ്യുക, പ്രായമായവർക്കും രോഗബാധിതർക്കും പ്രത്യേക സഹായം നൽകുക, ലഗേജുകൾ കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുക, വിവിധ സേവന കേന്ദ്രങ്ങളിലേക്കും ശൗചാലയങ്ങളിലേക്കും വഴികാട്ടുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ വളണ്ടിയർമാർ മാതൃകാപരമായ സേവനമാണ് കാഴ്ചവെച്ചത്.

ജിദ്ദ സെൻട്രൽ കമ്മിറ്റി കെ.എം.സി.സി ഭാരവാഹികളായ സാബിൽ മമ്പാട്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ലത്തീഫ് വയനാട്, സലീന ഖുലൈസ്, എയർപോർട്ട് വളണ്ടിയർ വിങ് നേതാക്കളായ മൂസ പാണ്ടിക്കാട്, ജബ്ബാർ മാടാലൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. അവസാന ഹാജി സംഘത്തെയും സ്നേഹാദരങ്ങളോടെ യാത്രയയച്ച ശേഷമാണ് ഉദ്യോഗസ്ഥരും വളണ്ടിയർമാരും വിമാനത്താവള സേവനങ്ങൾക്ക് വിരാമമിട്ടത്.

കെ എം സി സി, ഒഐസിസി തുടങ്ങി വിവിധ സംഘടനകളുടെ സേവനം ഹാജിമാർക്ക് ഏറെ ആശ്വാസകരമായിരുന്നു.

അതേസമയം, മദീന വിമാനത്താവളം വഴിയുള്ള ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ഈ മാസം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് ബന്ധപ്പെട്ട അധികൃതർ അറിയിച്ചത്.