ഫിലിപ്പീൻസിൽ നിന്നുള്ള ഒട്ടിച്ചേർന്ന ഇരട്ടക്കുട്ടികളെ വിജയകരമായി വേർപെടുത്തി സൗദി; അമ്മയുടെ വർഷങ്ങളായ സ്വപ്നം സഫലമായി

റിയാദ്: ജനിച്ച നാൾ മുതൽ നെഞ്ചും വയറുമായി ഒട്ടിച്ചേർന്ന് ജീവിച്ചിരുന്ന ഫിലിപ്പീൻസുകാരായ ഇരട്ട സഹോദരിമാരായ ഒലിവിയ മാനുവലിനെയും ജിയാന മാനുവലിനെയും വിജയകരമായി വേർപെടുത്തി സൗദി അറേബ്യയിലെ ശസ്ത്രക്രിയ വിദഗ്ധർ. ആറു മണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയിലൂടെയാണ് രണ്ട് വയസുകാരികളായ കുട്ടികളെ വേർതിരിച്ചത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

കുട്ടികളുടെ അമ്മ ജിനാലിൻ മാനുവലിന് ഈ ശസ്ത്രക്രിയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതീക്ഷയുടെ സാക്ഷാത്കാരമായിരുന്നു. “കുട്ടികൾ വേർപിരിഞ്ഞു കഴിഞ്ഞാൽ സ്വതന്ത്രമായി നടക്കാനും ഓടിക്കളിക്കാനും സാധിക്കും. സാധാരണ കുട്ടികളെപ്പോലെ ജീവിതം നയിക്കാൻ അവർക്കാകും,” ശസ്ത്രക്രിയയ്ക്ക് മുമ്പ് അവർ പറഞ്ഞിരുന്നു.

റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലൈസ്ഡ് ചിൽഡ്രൻസ് ആശുപത്രിയിൽ 22 അംഗ വിദഗ്ധസംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. കൺസൾട്ടന്റുമാർ, സർജന്മാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങിയ സംഘത്തിന്റെ പരിശ്രമഫലമായാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായത്.

2024 ഏപ്രിലിലാണ് ഫിലിപ്പീൻസിലെ ന്യൂവ എസിജ പ്രവിശ്യയിൽ ഒലിവിയയും ജിയാനയും ജനിച്ചത്. നെഞ്ചും വയറുമായി ഒട്ടിച്ചേർന്ന് ജനിക്കുന്ന അപൂർവ അവസ്ഥയായ ഒംഫലോപാഗസ് (Omphalopagus) എന്ന ജന്മവൈകല്യമായിരുന്നു ഇവർക്കുണ്ടായിരുന്നത്.

സൗദി റോയൽ കോർട്ട് ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (KSrelief) മേധാവിയും ശസ്ത്രക്രിയാ സംഘത്തിന്റെ തലവനുമായ ഡോ. അബ്ദുല്ല അൽ റബീഅയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. കുട്ടികൾക്ക് കരളിന്റെ ഒരു ഭാഗം പൊതുവായിരുന്നുവെന്നും കുടലിന്റെ ഭാഗങ്ങളും പങ്കിട്ടിരുന്നതായി സംശയമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇരട്ടകളിൽ ഒരാൾക്ക് ജന്മനാ ഹൃദയസംബന്ധമായ ഗുരുതര വൈകല്യവും ഉണ്ടായിരുന്നതിനാൽ ശസ്ത്രക്രിയ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു.

ഈ വർഷം ആദ്യം സൗദി അറേബ്യയുടെ ലോകപ്രശസ്തമായ കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിൽ പ്രവേശനം ലഭിച്ചതോടെയാണ് കുട്ടികളെ ചികിത്സയ്ക്കായി റിയാദിലേക്ക് കൊണ്ടുവന്നത്. അതോടെ ഒരിക്കൽ അനിശ്ചിതത്വത്തിലായിരുന്ന അവരുടെ ഭാവിക്ക് പുതിയ പ്രതീക്ഷകൾ തുറന്നുകിട്ടി.

ശസ്ത്രക്രിയയ്ക്ക് ശേഷം ഇരട്ടകൾ റിയാദിൽ വൈദ്യപരിചരണത്തിൽ തുടരും. ജിയാനയ്ക്ക് ഹൃദയസംബന്ധമായ മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പിന്നീട് കുടുംബം ഫിലിപ്പീൻസിലേക്ക് മടങ്ങും.

മക്ക മദീന വിശുദ്ധ മസ്ജിദുകളുടെ സേവകനായ സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശപ്രകാരമാണ് ശസ്ത്രക്രിയ നടത്തിയത്. സൗദി കോൺജോയിൻഡ് ട്വിൻസ് പ്രോഗ്രാമിന്റെ 35 വർഷത്തെ ചരിത്രത്തിലെ 72-ാമത്തെ വിജയകരമായ വേർതിരിക്കൽ ശസ്ത്രക്രിയ കൂടിയാണിത്.

ഇതുവരെ അഞ്ച് ഭൂഖണ്ഡങ്ങളിലായി 28 രാജ്യങ്ങളിൽ നിന്നുള്ള 158 കേസുകൾ ഈ പദ്ധതിയുടെ ഭാഗമായി പഠനവിധേയമാക്കിയിട്ടുണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ള ഒട്ടിച്ചേർന്ന ഇരട്ടകളുടെ നാലാമത്തെ വിജയകരമായ വേർതിരിക്കൽ ശസ്ത്രക്രിയയുമാണിത്.

ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മെഡിക്കൽ സംഘത്തിനും കുട്ടികളുടെ കുടുംബം നന്ദി അറിയിച്ചു.

രണ്ട് വർഷത്തോളം പരസ്പരം ഒട്ടിച്ചേർന്ന് ജീവിച്ചിരുന്ന ഒലിവിയയ്ക്കും ജിയാനയ്ക്കും ഇനി സ്വതന്ത്രമായി നടക്കാനും കളിക്കാനും സാധാരണ ബാല്യജീവിതം ആസ്വദിക്കാനും കഴിയുമെന്നതാണ് ഈ വിജയത്തിന്റെ ഏറ്റവും വലിയ നേട്ടം.