സൗദിയിൽ അതിശക്തമായ ചൂട്; താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ജൂൺ 20 ശനിയാഴ്ച മുതൽ 25 ആം തിയതി വ്യാഴാഴ്ച വരെ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ സി എം) മുന്നറിയിപ്പ് നൽകി. താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
കിഴക്കൻ പ്രവിശ്യ, റിയാദ്, അൽ ഖസീം, മദീന, നോർത്തേൺ ബോർഡേഴ്സ് മേഖലകൾ എന്നിവിടങ്ങളിലാണ് ജൂൺ 20 മുതൽ കടുത്ത ചൂട് അനുഭവപ്പെടുക. ദേശീയ കാലാവസ്ഥാ കേന്ദ്രം തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ഇതുസംബന്ധമായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കിഴക്കൻ പ്രവിശ്യയിൽ താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയെത്തുമെന്നാണ് പ്രവചനം. റിയാദ്, അൽ ഖസീം, മദീന, വടക്കൻ അതിർത്തി പ്രദേശം എന്നിവിടങ്ങളിൽ 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരാൻ സാധ്യത.
ജൂൺ മാസത്തിലെ കാലാവസ്ഥാ പ്രവണതകളെക്കുറിച്ചുള്ള ദീർഘകാല നിരീക്ഷണ റിപ്പോർട്ട് അടുത്തിടെ ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയിരുന്നു. സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന മാസങ്ങളിലൊന്നാണ് ജൂൺ മാസമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
ഉയർന്ന താപനില കണക്കിലെടുത്ത് പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.






