പുതിയ നിബന്ധനകൾ പ്രഖ്യാപിച്ച് ‘ഖിവ’; പുതുതായി ആരംഭിച്ച സ്ഥാപനങ്ങൾക്ക് ഇനി പരമാവധി അഞ്ച് ഇൻസ്റ്റന്റ് വിസ മാത്രം

ജിദ്ദ: സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്ഫോം പുതുതായി ആരംഭിച്ച സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഇൻസ്റ്റന്റ് തൊഴിൽ വിസകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് വർഷത്തിൽ താഴെ പ്രവർത്തനപരിചയമുള്ള സ്ഥാപനങ്ങൾക്ക് ഇനി പരമാവധി അഞ്ച് ഇൻസ്റ്റന്റ് വിസകൾ മാത്രമേ ലഭിക്കൂവെന്ന് ഖിവ അറിയിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
അതേസമയം, രണ്ട് വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരൊറ്റ അപേക്ഷയിലൂടെയോ ഒരേ ആഴ്ചയിൽ സമർപ്പിക്കുന്ന ഒന്നിലധികം അപേക്ഷകളിലൂടെയോ പരമാവധി 50 ഇൻസ്റ്റന്റ് വിസകൾ വരെ ലഭ്യമാക്കും.
സ്ഥാപന വികസന പദ്ധതിയിൽ ഉൾപ്പെട്ട് നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യം രണ്ട് വിസകൾ അനുവദിക്കും. പിന്നീട് സ്ഥാപനത്തിലെ സൗദിവൽക്കരണ നിരക്ക് വർധിക്കുന്നതനുസരിച്ച് വിസകളുടെ എണ്ണം കൂട്ടാനാകുമെന്നും ‘ഖിവ’ വ്യക്തമാക്കി.
വിദേശ തൊഴിലാളികളെ സൗദിക്ക് പുറത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നതിനായി സ്ഥാപനങ്ങൾ പാലിക്കേണ്ട പ്രധാന 10 നിബന്ധനകളും ‘ഖിവ’ വിശദീകരിച്ചു. സ്ഥാപനം സജീവമായിരിക്കണം, എല്ലാ ജീവനക്കാരുടെയും വർക്ക് പെർമിറ്റുകൾ സാധുവായിരിക്കണം, കൊമേഴ്സ്യൽ രജിസ്ട്രേഷൻ കാലാവധി നിലനിൽക്കണം, സ്ഥാപനം ‘മീഡിയം ഗ്രീൻ’ വിഭാഗത്തിലോ അതിന് മുകളിലോ ആയിരിക്കണം, വേതന സംരക്ഷണ നിയമം പാലിച്ചിരിക്കണം, ആഭ്യന്തര മന്ത്രാലയ പ്ലാറ്റ്ഫോമുകളായ അബ്ഷിർ, മുഖീം എന്നിവയിൽ ആവശ്യമായ സാമ്പത്തിക ബാലൻസ് ഉണ്ടായിരിക്കണം തുടങ്ങിയവയാണ് പ്രധാന വ്യവസ്ഥകൾ.
10-ൽ കൂടുതൽ തൊഴിലാളികളുള്ള സ്ഥാപനങ്ങൾ വാർഷിക സ്വയംമൂല്യനിർണയം പൂർത്തിയാക്കിയിരിക്കണമെന്നും, ഖിവ പ്ലാറ്റ്ഫോമിലൂടെ ജീവനക്കാരുടെ ജോലിസ്ഥല വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. തൊഴിലുടമയ്ക്ക് കുറഞ്ഞത് 18 വയസെങ്കിലും ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന വിസ വിഭാഗത്തിനനുസരിച്ചുള്ള റിക്രൂട്ട്മെന്റ് ക്വോട്ടയും സ്ഥാപനത്തിന് ലഭ്യമായിരിക്കണം.
വിസ വിഭാഗങ്ങളെക്കുറിച്ചും ‘ഖിവ’ വിശദീകരിച്ചു. ദീർഘകാല തൊഴിൽ കരാറുകൾക്കായി നൽകുന്ന സ്ഥിരം തൊഴിൽ വിസ മൂന്ന് മാസമോ അതിൽ താഴെയോ കാലയളവുള്ള കരാറുകൾക്കായി നൽകുന്ന താൽക്കാലിക തൊഴിൽ വിസ, ഹജ്ജ്-ഉംറ സീസണുകളിലെ തൊഴിലാളികൾക്കായി പ്രത്യേക അനുമതിയോടെ നൽകുന്ന ഹജ്ജ്-ഉംറ താൽക്കാലിക തൊഴിൽ വിസ എന്നീ മൂന്ന് വിഭാഗങ്ങളാണ് നിലവിലുള്ളത്. മന്ത്രാലയത്തിന്റെ അനുമതിക്ക് വിധേയമായാണ് ഹജ്ജ്-ഉംറ സീസൺ വിസകൾ അനുവദിക്കുക.






