ഗതാഗത നിയമലംഘന പിഴകൾക്കെതിരെ പരാതി നൽകാനുള്ള സമയം ഇനി 15 ദിവസം മാത്രം

♠ അസ്മ ജംഷീദ്
റിയാദ്: നവംബർ 1, 2024-ന് മുമ്പ് ചുമത്തപ്പെട്ടതും ഇതുവരെ അടച്ചുതീർക്കാത്തതുമായ ഗതാഗത മേഖലയിലെ നിയമലംഘന പിഴകൾക്കെതിരെ എതിർപ്പ് രേഖപ്പെടുത്താൻ ഇനി 15 ദിവസം മാത്രമേ ശേഷിക്കുന്നുള്ളുവെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടി ജി എ) അറിയിച്ചു. പിഴ ലഭിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിയമപരമായ അവകാശം വിനിയോഗിക്കാൻ അവസരം നൽകുന്നതിനായാണ് ഈ നടപടി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
പിഴകളുമായി ബന്ധപ്പെട്ട പരാതികൾ അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നിശ്ചിത കാലാവധിക്കുള്ളിൽ സമർപ്പിക്കണമെന്ന് ടി.ജി.എ ആവശ്യപ്പെട്ടു. ലഭിക്കുന്ന പരാതികൾ നിയമലംഘനം രേഖപ്പെടുത്തിയ തീയതി മുതൽ എട്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
ഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ വിവിധ വിഭാഗങ്ങളിലായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെവി ട്രാൻസ്പോർട്ട്, കാർ വാടക സേവനങ്ങൾ, ബസ് സർവീസുകൾ, ചരക്ക് ഗതാഗതം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് സാമ്പത്തിക പിഴകൾക്കൊപ്പം പ്രവർത്തനാനുമതി താൽക്കാലികമായി നിർത്തിവെക്കൽ, വാഹനങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ സാമ്പത്തികേതര ശിക്ഷകളും ഉണ്ടായേക്കാമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി.
നിയമലംഘന പിഴകളുടെ പരിഗണനയിൽ കൂടുതൽ സുതാര്യതയും നീതിയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടിയെന്ന് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അറിയിച്ചു.






