കാർ ഗ്ലാസുകളിൽ അനധികൃത ടിന്റിങ്; 900 റിയാൽ വരെ പിഴയെന്ന് സൗദി ട്രാഫിക് വകുപ്പ്

♠ അസ്മ ജംഷീദ്

റിയാദ്: വാഹനങ്ങളുടെ ഗ്ലാസുകളിൽ അനുവദനീയ പരിധിക്ക് പുറത്തുള്ള ടിന്റ് ഫിലിം ഉപയോഗിക്കുന്നവർക്ക് 900 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വകുപ്പ് (മുറൂർ) മുന്നറിയിപ്പ് നൽകി. നിയമലംഘനം കണ്ടെത്തിയാൽ പിഴയ്ക്കൊപ്പം വാഹനം കസ്റ്റഡിയിലെടുക്കുന്നതിനും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ട്രാഫിക് സുരക്ഷയെ ബാധിക്കുന്ന തരത്തിൽ കാഴ്ച മറയ്ക്കുന്ന ഇരുണ്ട ടിന്റ് ഉപയോഗിക്കുന്നത് ഗുരുതര നിയമലംഘനമായാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ മുൻവശത്തെയും വശങ്ങളിലെയും ഗ്ലാസുകളിൽ നിയമം അനുവദിക്കുന്നതിലധികം ടിന്റിങ് നടത്തിയാൽ പരിശോധനാ സംഘങ്ങൾ, ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനങ്ങൾ എന്നിവ വഴി നിയമനടപടി സ്വീകരിക്കുമെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.

സൗദി ട്രാഫിക് നിയമപ്രകാരം വാഹനങ്ങളിൽ അനുമതിയില്ലാത്ത മാറ്റങ്ങൾ വരുത്തുന്നതും ഡ്രൈവറുടെ കാഴ്ചയെ ബാധിക്കുന്ന സംവിധാനങ്ങൾ സ്ഥാപിക്കുന്നതും ശിക്ഷാർഹമാണ്. ഇത്തരം നിയമലംഘനങ്ങൾക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്.

വേനൽക്കാലത്ത് ചൂടിൽ നിന്ന് സംരക്ഷണം തേടി നിരവധി വാഹന ഉടമകൾ ടിന്റിങ് നടത്താറുണ്ടെങ്കിലും, നിയമം നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യത കുറയ്ക്കുന്നതിനുമായി വാഹനങ്ങളിലെ ടിന്റിങ് സംബന്ധിച്ച ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രാഫിക് വകുപ്പ് നിർദേശിച്ചു.