വായന, എഴുത്ത്, സോഷ്യൽ മീഡിയ: അനുഭവങ്ങൾ പങ്കുവെച്ച് അക്ഷരം വായനവേദി

ജിദ്ദ: ‘വായന, എഴുത്ത്, സോഷ്യൽ മീഡിയ’ എന്ന വിഷയത്തെ ആസ്പദമാക്കി ജിദ്ദയിലെ അക്ഷരം വായനവേദി സംഘടിപ്പിച്ച അനുഭവപങ്കിടൽ പരിപാടി ശ്രദ്ധേയമായി. സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ വായന, എഴുത്ത്, സോഷ്യൽ മീഡിയ തുടങ്ങിയ സർഗാത്മക പ്രവർത്തനങ്ങൾ സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ചർച്ചയായി.

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ മുസാഫിർ മുഖ്യപ്രഭാഷണം നടത്തി. ലോകസാഹിത്യത്തിലെ നിരവധി പ്രമുഖ എഴുത്തുകാർ പത്രപ്രവർത്തനരംഗത്തും വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ടെന്നും സാഹിത്യവും പത്രപ്രവർത്തനവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സാഹിത്യാഭിരുചിയില്ലാത്തവർക്ക് വാർത്തകളിൽ സാഹിത്യത്തിന്റെ സാന്നിധ്യം ഉൾക്കൊള്ളാൻ പ്രയാസമുണ്ടായിരുന്നുവെന്ന അനുഭവവും അദ്ദേഹം പങ്കുവെച്ചു.

തന്റെ വായനാജീവിതത്തിന്റെ തുടക്കം കൃത്യമായി ഓർമയില്ലെങ്കിലും ഉമ്മാച്ചി, തുർക്കി വിപ്ലവം തുടങ്ങിയ പുസ്തകങ്ങളായിരുന്നു ആദ്യമായി വായിച്ചതെന്ന് മുസാഫിർ പറഞ്ഞു. “വായന തീപിടിച്ച നൃത്തമാണ്” എന്ന കെ.പി. അപ്പന്റെ പ്രസ്താവന തന്നെ ഏറെ സ്വാധീനിച്ചതായും അദ്ദേഹം ഓർമിച്ചു. അതിന്റെ പ്രചോദനത്തിൽ സ്കൂൾ പഠനകാലത്തുതന്നെ എഴുത്തിലേക്ക് തിരിഞ്ഞ അദ്ദേഹം, തന്റെ രചനകൾ ചന്ദ്രികയിലേക്കും മാതൃഭൂമിയിലേക്കും അയച്ച് പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ ലഭിച്ച സന്തോഷം വിവരണാതീതമായിരുന്നുവെന്നും പറഞ്ഞു.

കോളജ് പഠനകാലത്ത് മാഗസിൻ എഡിറ്ററായി പ്രവർത്തിച്ചതും പിന്നീട് മലയാള മനോരമയുടെ ഒറ്റപ്പാലം റിപ്പോർട്ടറായും സേവനമനുഷ്ഠിച്ചതും ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എഴുത്തുകാരി റജിയ വീരാൻ തന്റെ എഴുത്തുയാത്രയെക്കുറിച്ച് സംസാരിച്ചു. ഇതിനകം നാല് കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള അവർ, എഴുത്തിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ചു.

‘സോഷ്യൽ മീഡിയ: ഉത്തരവാദിത്വങ്ങൾ’ എന്ന വിഷയത്തിൽ അബ്ദുല്ല പെരിങ്ങാടി പ്രഭാഷണം നടത്തി. ആശയവിനിമയത്തിനും സാമൂഹിക ഇടപെടലുകൾക്കും ആധുനിക മനുഷ്യന് ലഭിച്ച ശക്തമായ വേദിയാണ് സോഷ്യൽ മീഡിയയെന്നും അതിൽ ക്രിയാത്മകമായ ഇടപെടലുകൾ വർധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലെ നല്ലതും ചീത്തയും തിരിച്ചറിഞ്ഞ് വിവേകപൂർവം ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

മാനുഷിക മൂല്യങ്ങൾ പ്രചരിപ്പിക്കാനുള്ള ശക്തമായ മാധ്യമമാണ് സോഷ്യൽ മീഡിയയെന്ന് കെ.ടി. അബൂബക്കർ അഭിപ്രായപ്പെട്ടു. പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് നേടുന്നതിനായി ഏത് പരിധിവരെയും പോകുന്ന പ്രവണത നിരുത്സാഹപ്പെടുത്തണമെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സലാഹ് കാരാട് പറഞ്ഞു. റാഫി കൊച്ചിയും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

അബ്ദുൽ ലതീഫ് കരിങ്ങനാടും ജസീന ബഷീറും കവിതകൾ അവതരിപ്പിച്ചു. സുൽഫിക്കർ കാലിക്കറ്റ്, മുംതാസ് മെഹ്മൂദ്, അബ്ദുസുബുഹാൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ഇബ്രാഹീം ശംനാട് അധ്യക്ഷത വഹിച്ചു. ശിഹാബ് കരുവാരക്കുണ്ട് സ്വാഗതവും എം. അഷ്റഫ് നന്ദിയും രേഖപ്പെടുത്തി. മുംതാസ് മെഹ്മൂദ് ഖുർആൻ പാരായണം നിർവഹിച്ചു.