സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; യു.ഡി.എഫ് സർക്കാറിനെ അഭിനന്ദിച്ച് ജിദ്ദ ഒഐസിസി വനിതാ വേദി

ജിദ്ദ: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച പദ്ധതിയെ സ്വാഗതം ചെയ്ത് ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി വനിതാ വേദി രംഗത്തെത്തി. യു.ഡി.എഫ് സർക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്ന പദ്ധതി നടപ്പിലാക്കിയത് സ്ത്രീകളുടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റത്തിന് കരുത്തേകുന്ന നടപടിയാണെന്ന് വനിതാ വേദി അഭിപ്രായപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും സാധാരണ കുടുംബങ്ങളിലെ സ്ത്രീകൾക്കും ഏറെ ആശ്വാസകരമാകുന്ന ഈ പദ്ധതി സ്ത്രീ ശാക്തീകരണ രംഗത്ത് പുതിയ അധ്യായം തുറക്കുന്നതാണെന്ന് നേതാക്കൾ പറഞ്ഞു. ജനക്ഷേമത്തിന് മുൻതൂക്കം നൽകുന്ന സർക്കാരിന്റെ വിവിധ പദ്ധതികളിൽ ഒന്നായ ഈ തീരുമാനം സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് നേരിട്ടുള്ള ഗുണം ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടി.
വനിതാ വേദി പ്രസിഡന്റ് മൗഷ്മി ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിമി അബ്ദുൽ ഖാദർ സ്വാഗതം പറഞ്ഞു. ജാൻസി മോഹൻ, സോഫിയ സുനിൽ, റംസീന സക്കീർ, ഷിറിൻ അഫ്‌സാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.






