കളത്തിൽ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദ വണ്ടൂർ മണ്ഡലം കെ.എം.സി.സി.യുടെ പ്രൗഢോജ്ജ്വല ആദരം

ജിദ്ദ: വിശുദ്ധ ഹജ്ജ് കർമ്മം പൂർത്തിയാക്കി ജിദ്ദയിലെത്തിയ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പു ഹാജിക്ക് ജിദ്ദ വണ്ടൂർ മണ്ഡലം കെ.എം.സി.സി. കമ്മിറ്റി പ്രൗഢോജ്ജ്വല സ്വീകരണം നൽകി. ഷറഫിയ കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് പ്രവാസി സമൂഹത്തിന്റെ വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്നവർക്കായി കെ.എം.സി.സി. നീട്ടുന്ന കാരുണ്യഹസ്തം സമാനതകളില്ലാത്തതാണെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് കളത്തിൽ കുഞ്ഞാപ്പു ഹാജി പ്രസ്താവിച്ചു. മലപ്പുറം ജില്ലയിലും വണ്ടൂർ മണ്ഡലത്തിലും തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. കൈവരിച്ച ഉജ്ജ്വല വിജയം താഴെത്തട്ടിലെ അണികളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. വണ്ടൂർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ വികസന ആവശ്യങ്ങളും പ്രവാസികളുടെ പ്രശ്നങ്ങളും മണ്ഡലം എം.എ.എൽ.എ.യുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാൻ നേരിട്ട് ഇടപെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ വണ്ടൂർ മണ്ഡലം കെ.എം.സി.സി. ഭാരവാഹികൾ ചേർന്ന് കളത്തിൽ കുഞ്ഞാപ്പു ഹാജിക്ക് സ്നേഹാദരവായി പൊന്നാട അണിയിച്ചു.

ശറഫുദ്ദീൻ ചോക്കാടിന്റെ ഖിറാഅത്തോടെ ആരംഭിച്ച സ്വീകരണ സംഗമത്തിൽ വണ്ടൂർ മണ്ഡലം കെ.എം.സി.സി. ട്രഷറർ ശംസു ഇല്ലിക്കുത്ത് അധ്യക്ഷത വഹിച്ചു. ജിദ്ദ സെൻട്രൽ കെ.എം.സി.സി. കമ്മിറ്റി സെക്രട്ടറി സാബിൽ മമ്പാട് പരിപാടി ഉദ്ഘാടനം ചെയ്തു.

ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ്, വൈസ് പ്രസിഡന്റ് അഷ്റഫ് മുല്ലപ്പള്ളി, സീനിയർ വൈസ് പ്രസിഡന്റ് സലീം മമ്പാട്, വൈസ് പ്രസിഡന്റ് അബൂട്ടി നിലമ്പൂർ, വണ്ടൂർ മണ്ഡലം കെ.എം.സി.സി. വൈസ് ചെയർമാൻ യൂസുഫ് കൂരിക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് ഹസ്സൻ (കരുവാരകുണ്ട്), റഫീഖ് സാഹിബ് (തുവ്വൂർ), അനസ് (കാളികാവ്), റാഫി (വണ്ടൂർ), ശറഫു (ചോക്കാട്), അബ്ദുൽ ഇലാഹ് (മമ്പാട്), ഗഫാർ മട്ടുമ്മൽ (കരുവാരകുണ്ട്) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

വണ്ടൂർ മണ്ഡലം കെ.എം.സി.സി. ചെയർമാൻ മുഹ്‌ളാർ തങ്ങൾ സ്വാഗതവും ഭാരവാഹി ഹാരിസ് ബാബു നന്ദിയും രേഖപ്പെടുത്തി.