തിരുവിതാംകൂറിന്റെ സാംസ്കാരിക തനിമയിൽ ജെ.ടി.എ അർദ്ധവാർഷിക പൊതുയോഗവും കലാസന്ധ്യയും

♠ അസ്മ ജംഷീദ്

ജിദ്ദ: പ്രവാസലോകത്ത് തിരുവിതാംകൂറിന്റെ സാംസ്കാരിക പൈതൃകം തൊട്ടുണർത്തി ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ (ജെ.ടി.എ) 2026-ലെ അർദ്ധവാർഷിക പൊതുയോഗവും കലാസന്ധ്യയും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ‘നന്മയ്ക്കായി കൈകോർക്കാം’ എന്ന ശീർഷകത്തിൽ നടന്ന സമ്മേളനം രക്ഷാധികാരി അലി തേക്കുതോട് ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

സംഘടനയുടെ ജനാധിപത്യ-മതനിരപേക്ഷ പ്രവർത്തന രീതികളും ഭാവി വീക്ഷണങ്ങളും ഉയർത്തിപ്പിടിച്ച് പ്രസിഡന്റ് നൗഷാദ് ജമാൽ പന്മന അധ്യക്ഷപ്രസംഗം നടത്തി. കഴിഞ്ഞ ആറുമാസക്കാലയളവിൽ സംഘടന പ്രവാസി മലയാളി സമൂഹത്തിനായി നടത്തിയ വൈവിധ്യമാർന്ന ക്ഷേമപ്രവർത്തനങ്ങളും സാമൂഹ്യ-സാംസ്കാരിക ഇടപെടലുകളും ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഓയൂർ പ്രവർത്തന റിപ്പോർട്ടിലൂടെ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് മാജാസാഹിബ് സംഘടനയുടെ വിഷനും മിഷനും വിശദീകരിച്ചു.

പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ഓയൂർ സ്വാഗതവും ട്രഷറർ രഞ്ജിത്ത് വള്ളികുന്നം നന്ദിയും രേഖപ്പെടുത്തി. ഇർഷാദ്, ശ്രീജിത്ത്‌, കെ.പി. നജ്ബുദീൻ, രാജലക്ഷ്മി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ദിലീപ് താമരക്കുളം, ജ്യോതി ബാബുകുമാർ, ഷെഫിൻഷാ, നവാസ് ബീമാപ്പള്ളി, ഡോ. ഷിബു തിരുവനന്തപുരം, വാസുദേവൻ വെള്ളേടത്ത്, ആതിര കുഞ്ഞുമോൻ എന്നിവർ ആശംസകൾ നേർന്നു.

പൊതുയോഗത്തിന് ശേഷം അരങ്ങേറിയ കലാസന്ധ്യ സദസ്സിന് വേറിട്ടൊരു ദൃശ്യവിരുന്നായി മാറി. പ്രമുഖ മെന്റലിസ്റ്റ് അഫ്സൽ നാറാണത്ത് അവതരിപ്പിച്ച “മനസ്സിന്റെ ബോസ് നിങ്ങളാണോ” എന്ന മൈൻഡ് റീഡിംഗ് ഷോ കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി. തുടർന്ന് ജെ.ടി.എയിലെ മുതിർന്ന കലാകാരന്മാരും കലാകാരികളും അണിയിച്ചൊരുക്കിയ ഗാനമേളയും, കുട്ടികളുടെ വർണ്ണാഭമായ നൃത്തനൃത്യങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി.

കൾച്ചറൽ കൺവീനർ ശിഹാബ് താമരക്കുളം, ജോയിന്റ് കൺവീനർ ഷറഫുദ്ധീൻ പത്തനംതിട്ട എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് അയ്യൂബ് ഖാൻ പന്തളം, ആഷിർ കൊല്ലം, നവാസ് ചിറ്റാർ, മസൂദ് ബാലരാമപുരം, മുജീബ് കന്യാകുമാരി, നൂഹ് ബീമാപള്ളി, നജിബുദ്ദീൻ, അൽ അമീൻ പന്തളം, ഡെൻസൺ, പ്രീത എന്നിവർ ചുക്കാൻ പിടിച്ചു.