ഇറാനിയൻ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ ബഹ്റൈനിൽ പതിച്ചു; 11 വയസുകാരിക്ക് പരിക്ക്, വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടം

മനാമ: ഇറാന്റെ ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ 11 വയസുകാരിക്ക് നിസാര പരിക്കേറ്റതായും വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടമുണ്ടായതായും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ബഹ്റൈനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയൻ ഡ്രോണുകൾ തടഞ്ഞ് നശിപ്പിക്കുന്നതിനിടെയുണ്ടായ അവശിഷ്ടങ്ങൾ ഹമദ് ടൗണിലും തലസ്ഥാനമായ മനാമയിലുമുള്ള വിവിധ സ്ഥലങ്ങളിൽ പതിക്കുകയായിരുന്നു. ഇതുമൂലം ചില വാഹനങ്ങൾക്ക് തീപിടിക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

സംഭവത്തിൽ 11 വയസുള്ള പെൺകുട്ടിക്ക് നിസാര പരിക്കേറ്റതായി മന്ത്രാലയം അറിയിച്ചു. കുട്ടിക്ക് സംഭവസ്ഥലത്തുവെച്ച് തന്നെ ആവശ്യമായ ചികിത്സ നൽകിയതായും അധികൃതർ വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങൾ എന്നിവ സ്ഥലത്തെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങളും സുരക്ഷാ നടപടികളും സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇതിനിടെ, നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും ബാധിത പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രവർത്തനം തുടരുകയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.