സലിംകുമാറിന്റെയും സമീൽ ഇല്ലിക്കലിന്റെയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ അനുസ്മരണം നടത്തി

ജിദ്ദ: മലയാള സിനിമയുടെ പ്രിയ നടനും ദേശീയ പുരസ്കാര ജേതാവുമായ സലിംകുമാറിന്റെയും മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനുമായ സമീൽ ഇല്ലിക്കലിന്റെയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അനുസ്മരണം നടത്തി. ഹാസ്യ നടനെന്ന പരിമിതമായ വിശേഷണത്തെ മറികടന്ന് അഭിനയത്തിന്റെ അസാധാരണമായ സാധ്യതകൾ തെളിയിച്ച കലാകാരനും, സാമൂഹികവും രാഷ്ട്രീയപരവുമായ വിഷയങ്ങളിൽ ശ്രദ്ധേയമായ നിലപാടുകളിലൂടെ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത സലിം കുമാറിന്റെ വിയോഗം വലിയൊരു നഷ്ടമാണെന്ന് പ്രവാസി വെൽഫെയർ അനുസ്മരണ സന്ദേശത്തിൽ ഓർമപ്പെടുത്തി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനുമായിരുന്ന സമീൽ ഇല്ലിക്കലിൻ്റെ നിര്യാണത്തിലൂടെ നഷ്ടമായത് മലബാറിന്റെ ചരിത്ര സാംസ്കാരിക മാധ്യമ മേഖലയിൽ മികവുപുലർത്തിയ പ്രതിഭയെ കൂടിയാണെന്ന് സംഘടന വിലയിരുത്തി. പരേതരുടെ കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രവാസി വെൽഫെയർ സൗദി വെസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് അബ്ദുറഹീം ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി അശ്‌റഫ് പാപ്പിനിശ്ശേരി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.






