കാർ ലോഗോകൾ തിരിച്ചറിഞ്ഞ് നാലുവയസ്സുകാരൻ റെക്കോർഡ് നേട്ടത്തിൽ

ജിദ്ദ: ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ‘ജിദ്ദ അൽഫിത്റ’ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥിയായ ആദം അൽഹാൻ ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടം നേടി. 50 വ്യത്യസ്ത ദേശീയ-അന്തർദേശീയ കാർ ബ്രാൻഡുകളുടെ ലോഗോകൾ ലാപ്ടോപ് സ്ക്രീനിൽ പ്രദർശിപ്പിച്ചപ്പോൾ, അവയുടെ പേരുകൾ വെറും 2 മിനിറ്റ് 13 സെക്കൻഡിനുള്ളിൽ കൃത്യമായി തിരിച്ചറിഞ്ഞാണ് നാല് വയസ്സുകാരനായ ആദം ഈ നേട്ടം സ്വന്തമാക്കിയത്.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ, മുസ്ലിം വേൾഡ് ലീഗിന്റെ ഡയറക്ടറും അറബ് ലോകത്തെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വവുമായ ഡോ. ഇസ്മായിൽ അബ്ദുൽ സലാം അബു താലിബ് ആദത്തിന് പുരസ്കാരം സമ്മാനിച്ചു.

അൽഫിത്റയിലെ അധ്യാപകരും മാനേജ്മെന്റ് പ്രതിനിധികളും കൊച്ചുമിടുക്കന്റെ ഈ അസാധാരണ നേട്ടത്തെ അഭിനന്ദിക്കുകയും ഭാവിയിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ആശംസകൾ നേരുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയ്ക്കു സമീപമുള്ള ആനമങ്ങാട് സ്വദേശികളായ അമീർ സുഹൈലിന്റെയും ഫാത്തിമ ജസ്‌നയുടെയും മകനാണ് ആദം അൽഹാൻ.

നേരത്തെ ഡൽഹിയിൽ വെച്ച് ഔദ്യോഗീകമായി  ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വീകരിക്കാൻ അധികൃതരിൽനിന്നും ക്ഷണം  ലഭിച്ചിരുന്നുവെങ്കിലും  ഡൽഹിയിൽ പോകുവാനുള്ള സാഹചര്യം ഒരുങ്ങാത്തതിനാൽ കൊറിയർ വഴി ലഭ്യമാക്കുകയായിരുന്നു.  ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ സംഘടിപ്പിച്ച ചടങ് ഇതുസംബന്ധമായ ആദ്യത്തെ പൊതുചടങ്ങാണ്.