പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഫോക്കസ് ദമ്മാം; യുവതലമുറയ്ക്ക് ബോധവത്കരണ ആഹ്വാനം

ദമ്മാം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോക്കസ് ഇന്റർനാഷണൽ ദമ്മാം ഡിവിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും യുവതലമുറയുടെ ഉത്തരവാദിത്വവും ചർച്ചയായി. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, ജലസ്രോതസുകളുടെ മലിനീകരണം തുടങ്ങിയ വെല്ലുവിളികൾ നേരിടാൻ സമൂഹം ഒന്നിച്ചുനിൽക്കണമെന്നും ഭാവി തലമുറയ്ക്ക് സുരക്ഷിതമായ ഭൂമി കൈമാറാൻ പരിസ്ഥിതി ബോധം വളർത്തേണ്ടത് അനിവാര്യമാണെന്നും പരിപാടിയിൽ അഭിപ്രായപ്പെട്ടു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ദമ്മാമിലെ സുൽത്താൻ അൽ-ഷർഖി റിസോർട്ടിൽ നടന്ന ചടങ്ങ് ഫോക്കസ് ഇന്റർനാഷണൽ സൗദി റീജിയൻ സി.ഒ.ഒ അബ്ദുൽ ഗഫൂർ എടക്കര ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പ്രതിജ്ഞയോടെ ആരംഭിച്ച പരിപാടിയിൽ ഫോക്കസ് ഇന്റർനാഷണൽ സി.ഇ.ഒ ഷബീർ വെള്ളാടത്ത് സന്ദേശം നൽകി. മുഖ്യാതിഥിയായ കിംഗ് ഫഹദ് യൂണിവേഴ്സിറ്റി പോസ്റ്റ് ഡോക്ടറൽ റിസർച്ചർ ഡോ. മുഹമ്മദ് ഷഫീഖ് പരിസ്ഥിതി സംരക്ഷണത്തിനായി വ്യക്തികളും സമൂഹവും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സംസാരിച്ചു. ഇഖ്ബാൽ സുല്ലമി ഖുർആനിൽ പ്രതിപാദിക്കുന്ന പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങളുടെ സമകാലിക പ്രസക്തി വിശദീകരിച്ചു.
തുടർന്ന് നടന്ന വ്യക്തിത്വ വികസന പരിശീലന പരിപാടികൾക്കും വിവിധ സെഷനുകൾക്കും അബ്ദുള്ള തൊടിക, മുനീർ ഉള്ളോടാത്ത്, മുജീബ് റഹ്മാൻ, നസീം അബ്ദുറഹിമാൻ, നസീമുസ്സബാഹ് എന്നിവർ നേതൃത്വം നൽകി. ഡയറക്ടർ മുഹമ്മദ് റബീഹ് അധ്യക്ഷത വഹിച്ചു. വഹീദുദ്ദീൻ, നസ്റുല്ലാഹ് എന്നിവർ ആശംസകൾ നേർന്നു. അൻഷാദ് സ്വാഗതവും അശ്വന്ത് നന്ദിയും രേഖപ്പെടുത്തി.






