സലിം കുമാറിന്റെ വിയോഗത്തിൽ ഒഐസിസി ജിദ്ദ റീജിയണൽ കമ്മറ്റി അനുശോചിച്ചു

ജിദ്ദ:  മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജനപ്രിയ കലാകാരൻ സലിം കുമാറിന്റെ വിയോഗത്തിൽ ഒഐസിസി വെസ്റ്റേൺ റീജിയണൽ കമ്മറ്റി ജിദ്ദ അഗാധമായ അനുശോചനം രേഖപ്പെടുത്തി. ഒരു കലാകാരൻ എന്ന നിലയിൽ തന്റെ കഴിവുകൾ കേരളത്തിലെ കലാസമൂഹത്തിന് സമർപ്പിക്കുമ്പോൾ തന്നെ, ഉന്നതമായ രാഷ്ട്രീയ ബോധം പുലർത്തിപ്പോന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

അഭിമാനബോധത്തോടെ താനൊരു കോൺഗ്രസുകാരനാണെന്ന് പൊതുവേദികളിൽ ഉറക്കെപ്പറയാൻ അദ്ദേഹം ഒരിക്കലും മടികാണിച്ചിരുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥികൾക്ക് വേണ്ടി കേരളത്തിലുടനീളം ഓടിനടന്ന് അദ്ദേഹം സജീവമായി പ്രചാരണം നടത്തി. ഇടതുപക്ഷത്തിന്റെ തെറ്റായ നയങ്ങളെയും പ്രവർത്തനങ്ങളെയും നർമ്മബോധത്തോടെ അദ്ദേഹം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത് പൊതുസമൂഹം വലിയ രീതിയിൽ ഏറ്റെടുക്കുകയും അത് കോൺഗ്രസ്സിന്റെ മുന്നേറ്റത്തിന് ഏറെ സഹായകരമാവുകയും ചെയ്തു.

താൻ കടന്നുവന്ന വഴികൾ മറക്കാതെ സാധാരണക്കാരെ നെഞ്ചോട് ചേർത്തുപിടിച്ച നന്മനിറഞ്ഞൊരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ദേശീയ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ കൈവരിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എന്നും മായാതെ നിൽക്കും. സലിം കുമാറിന്റെ വിടവാങ്ങൽ കലാകേരളത്തിനും കോൺഗ്രസ്സ് പാർട്ടിക്കും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് ഒഐസിസി പ്രസ്താവനയിൽ പറഞ്ഞു.