മുഖ്യമന്ത്രി വി.ഡി. സതീശനുമായി ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി നേതാക്കൾ കൂടിക്കാഴ്ച നടത്തി

ജിദ്ദ: ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡൻറ് ഹക്കീം പാറക്കലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് പ്രവാസി സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളും ആവശ്യങ്ങളും ഉൾക്കൊള്ളുന്ന നിവേദനം കൈമാറി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പ്രവാസി സമൂഹത്തിന്റെ ക്ഷേമവും അവകാശ സംരക്ഷണവും ലക്ഷ്യമിട്ട് തയ്യാറാക്കിയ നിവേദനത്തിൽ സർക്കാർ സേവനങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനായി പ്രവാസികൾക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് സംവിധാനം ഏർപ്പെടുത്തുക, നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി കൂടുതൽ പ്രയോജനകരമാക്കുക, പ്രവാസി ക്ഷേമനിധി പദ്ധതിയിൽ കൂടുതൽ പേർക്ക് അംഗത്വം ലഭ്യമാകുന്ന തരത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കുക, പെൻഷൻ തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉൾപ്പെടുത്തി.

കൂടാതെ, ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുകയും സാധാരണ പ്രവാസികൾക്കും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക, പ്രവാസി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പുനരധിവാസ പദ്ധതികൾ ആവിഷ്കരിക്കുക, പ്രവാസി വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കുക, യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക, വിദേശരാജ്യങ്ങളിൽ നിയമപ്രശ്നങ്ങൾ നേരിടുന്ന പ്രവാസികൾക്കായി ഫലപ്രദമായ ലീഗൽ സെൽ രൂപീകരിക്കുക തുടങ്ങിയ നിർദേശങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളോട് മുഖ്യമന്ത്രി അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചതെന്നും വിഷയങ്ങൾ ഗൗരവമായി പരിഗണിക്കാമെന്ന് ഉറപ്പുനൽകിയതായും ഒഐസിസി നേതാക്കൾ അറിയിച്ചു.

കൂടിക്കാഴ്ചയ്ക്കിടെ ഒഐസിസി നേതാക്കൾ മുഖ്യമന്ത്രിയെ  സൗദി അറേബ്യ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഒഐസിസി ബാലവേദി ഭാരവാഹിയും ജിദ്ദയിലെ യുവ എഴുത്തുകാരനുമായ മുഹമ്മദ് അമാൻ രചിച്ച “ദി ഡ്രീം” എന്ന പുസ്തകവും അദ്ദേഹത്തിന് സമ്മാനിച്ചു. പുസ്തക രചയിതാവിനെ പ്രതിപക്ഷ നേതാവ് പ്രത്യേകം അഭിനന്ദിച്ചു.

ഒഐസിസി റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അസ്ഹാബ് വർക്കല, ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻറ് നിസാമുദ്ദീൻ, ജനറൽ സെക്രട്ടറി അഷ്റഫ് അഞ്ചാലൻ, സെക്രട്ടറി മുസ്തഫ ചേളാരി, ജോയിന്റ് ട്രഷറർ ഷൗക്കത്ത് പരപ്പനങ്ങാടി, ജില്ലാ കമ്മിറ്റി ഭാരവാഹികളായ ഫിറോസ് പോരൂർ, ഷാനുമോൻ കരമന, എം.ടി. ഗഫൂർ, റാഷിദ് വർക്കല, ഉമ്മർ പാറമ്മൽ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.