ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദ: രക്ഷിതാക്കളുടെ ആശങ്കകള്‍ മാനേജ്മെന്റിനെ ധരിപ്പിച്ച് ഇസ്പാഫ്

♠ അസ്മ ജംഷീദ്

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ (IISJ) വിവിധ അക്കാദമിക്, അടിസ്ഥാന സൗകര്യ, പ്രവേശന സംബന്ധമായ വിഷയങ്ങളില്‍ രക്ഷിതാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളും ഇന്ത്യന്‍ സ്‌കൂള്‍ പേരെന്റ്‌സ് ഫോറം (ISPAF) സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയുടെയും പ്രിന്‍സിപ്പലിന്റെയും ശ്രദ്ധയില്‍പ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ഇസ്പാഫ് പ്രതിനിധികള്‍ സ്‌കൂള്‍ അധികൃതരുമായി ചര്‍ച്ച നടത്തി.

വാര്‍ത്തകൾ  മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

പുതിയ അധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും ഹിന്ദി ഉള്‍പ്പെടെയുള്ള ചില വിഷയങ്ങളില്‍ അധ്യാപക ക്ഷാമം തുടരുന്നതായി ഇസ്പാഫ് ചൂണ്ടിക്കാട്ടി. ഒന്നാം ടേം പരീക്ഷകള്‍ക്ക് മുന്നോടിയായി പാഠഭാഗങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ റിവിഷന്‍ സമയം ഉറപ്പാക്കുകയും ചെയ്യണമെന്ന് ഫോറം ആവശ്യപ്പെട്ടു.

ജിദ്ദയിലെ കടുത്ത വേനല്‍ച്ചൂടിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിന്റെ മൂന്ന് കാമ്പസുകളിലെയും സ്‌കൂള്‍ ബസുകളിലെയും എയര്‍ കണ്ടീഷണിങ് സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇസ്പാഫ് ആവശ്യപ്പെട്ടു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലങ്ങളിലെ കുറഞ്ഞ ഗ്രേഡുകള്‍ മൂലം ചില വിദ്യാര്‍ഥികള്‍ക്ക് ഉന്നത പഠന പ്രവേശനത്തില്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്ന് ഫോറം നിര്‍ദേശിച്ചു.

പ്രവേശന പ്രതിസന്ധി പരിഹരിക്കുന്നതിനായി അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കുകയോ ‘ഡബിള്‍ ഷിഫ്റ്റ്’ സംവിധാനം പരിഗണിക്കുകയോ ചെയ്യണമെന്ന് ഇസ്പാഫ് ആവശ്യപ്പെട്ടു. നിലവില്‍ ചില ക്ലാസുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം 55-ല്‍ കൂടുതലാണെന്നും ഇത് പഠന നിലവാരത്തെയും അധ്യാപകര്‍ക്ക് ഓരോ വിദ്യാര്‍ഥിയിലും നല്‍കാന്‍ കഴിയുന്ന വ്യക്തിഗത ശ്രദ്ധയെയും ബാധിക്കുന്നുവെന്നും ഫോറം ചൂണ്ടിക്കാട്ടി. കൂടുതല്‍ ഡിവിഷനുകള്‍ അനുവദിച്ച് വിദ്യാര്‍ഥി-അധ്യാപക അനുപാതം മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങളെ പരിഗണിച്ച് വൈകിയുള്ള ഫീസും റീ-അഡ്മിഷന്‍ ഫീസും ഒഴിവാക്കണമെന്നും, ശമ്പള വിതരണം സാധാരണയായി നടക്കുന്നതനുസരിച്ച് ഓരോ മാസവും ആദ്യവാരം വരെ പിഴയില്ലാതെ ഫീസ് അടയ്ക്കാന്‍ അവസരം നല്‍കണമെന്നും ഫോറം ആവശ്യപ്പെട്ടു.

പാഠപുസ്തകങ്ങളുടെ ലഭ്യതക്കുറവ് പരിഹരിക്കല്‍, വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കര്‍ശന ഡാറ്റാ പ്രൈവസി നയങ്ങള്‍ നടപ്പാക്കല്‍, പുറം ഏജന്‍സികളില്‍ നിന്നുള്ള അനാവശ്യ ഫോണ്‍വിളികള്‍ നിയന്ത്രിക്കല്‍ തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.

പുതിയ പ്രവേശനങ്ങളുടെ കാര്യത്തില്‍ സ്‌കൂള്‍ നിലവില്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഒഴിവുകള്‍ ഉണ്ടാകുന്ന മുറയ്ക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ ശ്രമിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. രക്ഷിതാക്കള്‍ ഉന്നയിച്ച മറ്റ് വിഷയങ്ങളിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മാനേജ്മെന്റ് കമ്മിറ്റിയും പ്രിന്‍സിപ്പലും ഉറപ്പുനല്‍കിയതായി ഇസ്പാഫ് ഭാരവാഹികള്‍ അറിയിച്ചു.

ജൂണ്‍ 19-ന് നടക്കുന്ന ‘ഇസ്പാഫ് പേരെന്റ്‌സ് എക്‌സലന്‍സ് അവാര്‍ഡ്’ ചടങ്ങിലേക്ക് സ്‌കൂള്‍ അധികൃതരെ ഇസ്പാഫ് പ്രതിനിധികള്‍ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.

ഇസ്പാഫ് പ്രസിഡന്റ് എഞ്ചിനീയര്‍ മുഹമ്മദ് ബൈജു, ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദ് ഫൈസല്‍, അഡ്വൈസര്‍ സലാഹ് കാരാടന്‍, വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ റിയാസ് പി.കെ. എന്നിവര്‍ ഫോറത്തെ പ്രതിനിധീകരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇമ്രാന്‍, മാനേജ്മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുഹമ്മദ് അസ്ലം, കമ്മിറ്റി അംഗങ്ങളായ ഡോ. മുഹമ്മദ് ആസിഫ് ഖാന്‍, ഡോ. സബ്ന കോട്ട എന്നിവര്‍ സ്‌കൂളിനെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തു.