ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടികൂടി; നടത്തിപ്പുകാരനെതിരെ എന്‍ഡിപിഎസ് കേസ്

പയ്യന്നൂര്‍: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന ജ്യോതിഷാലയത്തില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനെതിരെ പയ്യന്നൂര്‍ പോലീസ് മയക്കുമരുന്ന് നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
വടശ്ശേരി, കാങ്കോല്‍ സ്വദേശിയും പെരികമന ഇല്ലത്തിന്റെ ഭാരവാഹിയുമായ ശ്രീനാഥ് പി. (40)ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പയ്യന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ അനുശ്രീ പി.വി.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫ് (DANSAF) അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയില്‍ ചുമര്‍ അലമാരയ്ക്കുള്ളില്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയിലായിരുന്ന 5.77 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത വസ്തു പ്രാഥമിക ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് അത് കഞ്ചാവാണെന്ന് സ്ഥിരീകരിച്ചതായി പോലീസ് അറിയിച്ചു. തുടര്‍ന്ന് നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി മയക്കുമരുന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവത്തില്‍ പ്രതിക്കെതിരെ എന്‍.ഡി.പി.എസ്. നിയമത്തിലെ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.
എസ്.സി.പി.ഒ അബ്ദുല്‍ ജബ്ബാര്‍, ഡാന്‍സാഫ് അംഗങ്ങളായ ബിനീഷ്, ശ്രീജിത്ത്, സജിത്ത്, നിശാന്ത്, ഗിരീഷ് എന്നിവര്‍ പരിശോധനാ സംഘത്തില്‍ പങ്കെടുത്തു.






