ഗൾഫ് സുരക്ഷയ്ക്ക് ഭീഷണിയായി ഇറാന്റെ നടപടികൾ; കടുത്ത വിമർശനവുമായി സൗദി അറേബ്യ

♠ അബു സഫ
റിയാദ്: ബഹ്റൈനിനും കുവൈത്തിനുമെതിരെ ഇറാൻ നടത്തിയ ആക്രമണങ്ങളെയും അവയുടെ പരമാധികാര ലംഘനങ്ങളെയും സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത്തരം നടപടികൾ പ്രാദേശികവും ആഗോളവുമായ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഇറാന്റെ ആക്രമണങ്ങൾ തുടരുകയാണെങ്കിൽ മേഖല കൂടുതൽ അപകടകരമായ സംഘർഷാവസ്ഥയിലേക്കും അനിശ്ചിതത്വത്തിലേക്കും നീങ്ങുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ഇത്തരം പ്രകോപനപരമായ നടപടികൾ മേഖലയിലെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും സുരക്ഷാ വെല്ലുവിളികൾ വർധിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രദേശത്ത് സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി നടക്കുന്ന അന്താരാഷ്ട്ര ശ്രമങ്ങൾക്ക് ഇറാന്റെ നടപടികൾ തിരിച്ചടിയാണെന്നും പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ബഹ്റൈനിനും കുവൈത്തിനുമൊപ്പമാണെന്ന് സൗദി അറേബ്യ വീണ്ടും പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങളുടെയും പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദിയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു.
മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും മാനിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും സൗദി അറേബ്യ വ്യക്തമാക്കി.






