ലാലു മീഡിയയുടെ ഗാനോത്സവം ജിദ്ദയുടെ സംഗീത രാവായി

ജിദ്ദ: കലയും സംഗീതവും സൗഹൃദവും കൈകോർത്ത മനോഹര സായാഹ്നത്തിന് സാക്ഷിയായി ജിദ്ദ. ലാലു മീഡിയ സംഘടിപ്പിച്ച ഗാനോത്സവം വലിയ ജനപങ്കാളിത്തത്തോടെ അരങ്ങേറി. പ്രവാസി മലയാളികളുടെ ഹൃദയങ്ങളെ സ്പർശിച്ച പരിപാടി സംഗീതാസ്വാദകർക്ക് മധുരസ്മരണയായി മാറി.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക

ജിദ്ദയിലെ പ്രമുഖ ഗായകരായ ആശ ഷിജു, സോഫിയ സുനിൽ, ഷബീർ, മുനീർ, അഷ്റഫ് പരപ്പനങ്ങാടി, വിഷ്ണു, അബ്ദുല്ല, അനീസ് നിലമ്പൂർ, ബഷീർ, സിറാജ്, അനീസ് ബാബു എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ വേദിയെ സംഗീതസാന്ദ്രമാക്കി. മലയാളം, ഹിന്ദി ഗാനങ്ങളുടെ മേളത്തിൽ നിറഞ്ഞ സദസ്സ് ആവേശപൂർവം പങ്കുചേർന്നു.

പരിപാടിയുടെ മുഖ്യാതിഥിയായി റയാൻ ഫിറ്റ്നസ് സെന്റർ (ഷറഫിയ) എം.ഡി. സലാം പങ്കെടുത്തു. കോർഡിനേറ്റർമാരായ ജുനൈദ് മോളൂർ, അഷ്റഫ് കോഴിക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് ഗാനോത്സവം സംഘടിപ്പിച്ചത്.

ചടങ്ങിൽ സമൂഹത്തിനും കലാരംഗത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ച് രണ്ട് വനിതാ പ്രതിഭകളെ ആദരിച്ചു. മലബാർ അടുക്കളയുടെ പ്രധാന കോർഡിനേറ്ററായ കുബ്ര ലത്തീഫിനെ സാമൂഹിക സേവന രംഗത്തെ സജീവ പ്രവർത്തനങ്ങൾക്കും വിവിധ പരിപാടികളുടെ സംഘാടന മികവിനും ആദരിച്ചു. പുരസ്കാരം ഗായിക സോഫിയ സുനിൽ സമ്മാനിച്ചു.

കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും നൃത്താധ്യാപനത്തിലൂടെയും കലാപ്രവർത്തനങ്ങളിലൂടെയും നിരവധി പേരെ പ്രചോദിപ്പിക്കുകയും ചെയ്ത ശ്രീത ടീച്ചറെയും ചടങ്ങിൽ ആദരിച്ചു. പുരസ്കാരം സാബിറ റഫീഖ് സമ്മാനിച്ചു.

“കല മനുഷ്യഹൃദയങ്ങളെ ഒന്നിപ്പിക്കുന്ന പാലമാണ്” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച ഗാനോത്സവം പ്രവാസി സമൂഹത്തിന്റെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര ദൃശ്യമായി മാറി.
മുസ്തഫ കുന്നുംപുറം, സി.എം. അഹമ്മദ്, സലാഹു, ഷിഹാബ് പുലിക്കൽ, വാസു ഹമദാൻ, ജാഫറലി പാലക്കോട്, യൂസഫ് കോട്ട, അബ്ദുല്ല മുക്കണ്ണി, കുഞ്ഞാവ വേങ്ങര തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ജിന്നി ജോർജ് അവതാരകയായി പരിപാടിയെ സജീവമാക്കി.
സംഗീതത്തിന്റെ താളവും സൗഹൃദത്തിന്റെ ഊഷ്മളതയും നിറഞ്ഞ ഗാനോത്സവം ജിദ്ദയുടെ പ്രവാസി കലാസാംസ്കാരിക ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയ അധ്യായമായി മാറി.






