ജിദ്ദയിൽ ലോക പരിസ്ഥിതി ദിനാചരണം; പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ സന്ദേശവുമായി ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി

ജിദ്ദ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയുടെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചു.
യു.എം. ഹുസ്സൈൻ മലപ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ “പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക – ഭൂമിയെ സംരക്ഷിക്കുക” എന്ന ഈ വർഷത്തെ ലോക പരിസ്ഥിതി ദിന സന്ദേശം പങ്കുവെച്ച് പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ട്രഷറർ യാസിർ നായിഫ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജീവ് ഗാന്ധി സദ്ഭാവനാ ദിനത്തിന്റെ ഭാഗമായി ഷറഫിയ സ്റ്റോൺ പാർക്കിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി നട്ടുവളർത്തുന്ന വൃക്ഷത്തിൽ വെള്ളമൊഴിച്ചാണ് ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.
ഭൂമിയെ സംരക്ഷിക്കുന്നത് ഓരോ വ്യക്തിയുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്നും, ഭാവി തലമുറകൾക്ക് ശുദ്ധവും സുരക്ഷിതവുമായ പരിസ്ഥിതി കൈമാറാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാകണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ യാസിർ നായിഫ് പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പ്രവാസി സമൂഹത്തിന്റെ സജീവ പങ്കാളിത്തവും അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തുടർന്ന് കമാൽ കളപ്പാടൻ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യില്ലെന്നും, പ്രകൃതിയെയും ഭൂമിയെയും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നുമുള്ള പ്രതിജ്ഞ അംഗങ്ങൾ ഏറ്റുചൊല്ലി.
പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിന്റെയും പ്രാധാന്യം പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും സജീവമായി പങ്കെടുത്തു.
ഫൈസൽ മക്കരപ്പറമ്പ്, മുജീബ് കാളികാവ്, അനസ് നീലാഞ്ചേരി, ഉസ്‌മാൻ മേലാറ്റൂർ, ഷംസുദ്ദീൻ വേങ്ങൂർ, നവാബ് വേങ്ങൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.






