ഹജ്ജിന് ശേഷം ആത്മീയ നിറവിൽ മദീന; തീർഥാടകർക്ക് ഹൃദയംഗമമായ സ്വീകരണം

♠ അസ്മ ജംഷി
മദീന: വിശുദ്ധ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി മദീനയിലെത്തിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ ആത്മീയ ശാന്തിയും സന്തോഷവും നിറഞ്ഞ ദിനങ്ങളാണ് അനുഭവിക്കുന്നത്. പ്രവാചക നഗരമായ മദീന, വിശ്വാസികളുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമുള്ള ഈ വേളയിൽ, ആയിരക്കണക്കിന് ഹാജിമാരെ സ്നേഹപൂർവം വരവേൽക്കുകയാണ്.
വാര്‍ത്തകൾ മുടങ്ങാതെ ലഭിക്കുവാന്‍ ഇവിടെ ക്‌ളിക്ക് ചെയ്യുക
മസ്ജിദുന്നബവിയിലും പരിസര പ്രദേശങ്ങളിലും തീർഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നമസ്കാരങ്ങൾ നിർവഹിക്കാനും പ്രവാചകൻ മുഹമ്മദ് നബി (സ) യുടെയും അബൂബക്കർ സിദ്ദീഖ് (റ) യുടെയും ഉമർ ഇബ്നുൽ ഖത്താബ് (റ) യുടെയും ഖബറിടങ്ങളിൽ സലാം അർപ്പിക്കാനുമാണ് ഹാജിമാർ എത്തുന്നത്. കൂടാതെ മദീനയിലെ ചരിത്രപ്രസിദ്ധമായ ഇസ്‌ലാമിക കേന്ദ്രങ്ങളും അവർ സന്ദർശിക്കുന്നു.
ഹജ്ജ് കർമങ്ങൾ അതീവ സുഗമമായും സുരക്ഷിതമായും നിർവഹിക്കാൻ സാധിച്ചതിൽ തീർഥാടകർ സന്തോഷം പ്രകടിപ്പിച്ചു. യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ലഭിച്ച മികച്ച സേവനങ്ങൾ, സൗകര്യങ്ങൾ, ഹൃദ്യമായ സ്വീകരണം, അതിഥിസത്കാരം എന്നിവയ്ക്ക് അവർ സൗദി ഭരണകൂടത്തോട് നന്ദി രേഖപ്പെടുത്തി.
ഹജ്ജിന്റെ ആത്മീയ അനുഭവങ്ങൾക്ക് പിന്നാലെ മദീനയിൽ ലഭിക്കുന്ന സമാധാനവും സൗകര്യങ്ങളും അവരുടെ വിശ്വാസയാത്രയെ കൂടുതൽ മനോഹരവും അവിസ്മരണീയവുമാക്കിയതായി തീർഥാടകർ പറഞ്ഞു. ആത്മീയ നിറവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ മദീന ഇപ്പോൾ ഹജ്ജ് തീർഥാടകരെ ചേർത്ത് പിടിക്കുകയാണ്.






